കഴിഞ്ഞ കുറെ ആഴ്ചകളായി ദിക്കുകളുടെ പ്രാധാന്യവും അതിന്റെ ശരി തെറ്റുകളുമാണ് പ്രതിപാദിച്ചിരുന്നത്. അതിൽ വടക്കും പടിഞ്ഞാറും വടക്കു പടിഞ്ഞാറുമാണ് ഇനി ബാക്കിയുളളത്.ഇക്കുറി വടക്കിന്റെ പ്രാധാന്യമാണ് പറയുന്നത്. കിഴക്കിന് പുരുഷാധിപത്യമെങ്കിൽ വടക്കിന് സ്ത്രീ നേട്ടമെന്നാണ് പൊതുവെ വിശ്വാസം. വടക്കും കിഴക്കും ശരിയായി വാസ്തുവിൽ ക്രമപ്പെടുത്തിയാൽ ആ വീട്ടിൽ സ്ത്രീകളും പുരുഷനും ഐശ്വര്യത്തോടെ വാഴും. വടക്കിനെ കുബേര മൂലയെന്നാണ് പൊതുവെ വിളിക്കാറ്. വടക്കിന്റെയും കിഴക്കിന്റെയും ഗുണം കിട്ടാൻ വടക്കും കിഴക്കും ഇരുമുഖമായി ഇപ്പോൾ ഒട്ടേറെ വീടുകൾ പണിയുന്നുണ്ട്.
അത്തരം വീടുകൾ വച്ച് മൂന്നുവർഷത്തിനുളളിൽ ഒട്ടേറെ നല്ല ഫലങ്ങൾ കാണാറുമുണ്ട്. ഇരട്ടമുഖമുണ്ടെങ്കിലും വരാന്തയിൽ മുഖങ്ങൾ സമ്മേളിതമാവുമ്പോൾ വടക്കു നിന്ന് നോക്കിയാലും കിഴക്കു നിന്ന് നോക്കിയാലും അതാണ് മുഖമെന്ന് തോന്നും. വടക്കിലേയ്ക്ക് വീട് വയ്ക്കുമ്പോൾ രണ്ടോ മൂന്നോ നാലോ വശങ്ങളിൽ വരാന്ത പണിയുന്നതാണ് ഉത്തമം. വീടും കഴിഞ്ഞ് അധികകാലിസ്ഥലം ക്രമപ്പെടുത്താൻ ഇതിന് കഴിയും. ആ പ്രദേശത്തെ മുഴുവൻ ഊർജ വിധാനങ്ങളും കൃത്യമായി ഒഴുകുന്ന വിധമാകണം ജനാലകളും വാതിലും എയർഹോളുകളും വയ്ക്കേണ്ടത്. വീടിന്റെ പ്ലാൻ എടുത്ത് കഴിഞ്ഞ് വാസ്തുശാസ്ത്രകാരനെ സമീപിച്ച് അതിലെ പ്രശ്നങ്ങൾ കണ്ടെത്തി മാറ്റി വരപ്പിക്കണം.
വീടിന്റെ വടക്കു കിഴക്കോ വടക്ക് മദ്ധ്യമോ കിണറിൽ വരാതെ നോക്കേണ്ടതുണ്ട്. പുതിയ വീട് കെട്ടുമ്പോൾ മതിൽ കെട്ടിയതിനു ശേഷം വീട് കെട്ടുന്നതാണ് ഉചിതം. മതിൽ കെട്ടികഴിഞ്ഞ് വീടിനും സ്ഥാനം നിർണയിച്ചതിനുശേഷം കിണർ കുഴിക്കുന്നതാണ് കൂടുതൽ നല്ലത്. അപ്പോൾ മേൽപ്പറഞ്ഞ ദോഷങ്ങൾ ഉണ്ടാവാനിടയില്ല. വടക്ക്, കിഴക്ക് മതിലുകൾ പടിഞ്ഞാറിനെയും തെക്കിനെയും അപേക്ഷിച്ച് താഴ്ന്നിരിക്കണം. വസ്തുവിന്റെ മദ്ധ്യഭാഗത്ത് പരമാവധി നിർമ്മാണ പ്രവർത്തനങ്ങൾ വരാതെ നോക്കുന്നത് ഉത്തമായിരിക്കും. കുറച്ച് വസ്തു മാത്രമേ ഉള്ളൂവെങ്കിൽ വസ്തുവിന്റെ നേർമദ്ധ്യം വരുന്ന ഭാഗത്ത് ഭിത്തിയോ പില്ലറോ വലിയ ബീമോ വരാതെ നോക്കണം. വരാന്തകളിൽ തൂണുകൾ ക്രമീകരിക്കുന്നത് നല്ലതാണ്. അങ്ങനെ തൂണുകൾ ക്രമീകരിക്കുമ്പോൾ ചതുരത്തൂണുകൾക്കു പകരം വൃത്താകാരം, സ്പൈറൽ രൂപങ്ങൾക്ക് പ്രാമുഖ്യം നൽകണം. അത് വാസ്തു ശക്തി കൂട്ടും. കാരണം മനുഷ്യന്റെ ജീനിനെ തീരുമാനിക്കുന്ന ഡി.എൻ.എയുടെ രൂപം സ്പൈറലാണ്. ശരിയായ ഊർജ ഒഴുക്കിന്റെ ഉത്തമ ഉദാഹരണമാണത്.
വീടിനെ ശരിയായ ഊർജനിയന്ത്രണത്തിലേയ്ക്ക് അത് പതിയെ മാറ്റിക്കൊള്ളും. സാധാരണ വീട്ടിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ജനാലകളും വാതിലുകളും വടക്കോട്ട് നിൽക്കുന്ന വീടിന് വലിയ ഗുണം ചെയ്യും. തടി ഉപയോഗിക്കുമ്പോൾ കട്ടിള മുതൽ എല്ലാം ഒരേ തടി ഉപയോഗിക്കുന്നതാണ് നല്ലത്. ആഞ്ഞിലിയെങ്കിൽ മുഴുവൻ ആഞ്ഞിലി ഉപയോഗിക്കണമെന്നാണ് അർത്ഥം. വീടിന്റെ മദ്ധ്യത്തിൽ നിന്നാൽ വടക്ക് മതിലിന്റെ ഏകദേശം മദ്ധ്യഭാഗം കാണാനാകണം. നാഭി തീരുമാനിക്കുമ്പോൾ തെക്കുകിഴക്കേ മൂലയും വടക്ക് പടിഞ്ഞാറെ മൂലയും തമ്മിൽ കാണാതിരിക്കണം. വായുമൂലയേക്കാൾ വടക്ക് കിഴക്ക് മൂല താഴ്ത്തി ക്രമപ്പെടുത്തുകയും വേണം. നിർമ്മാണാവശ്യത്തിനുളള സാധനങ്ങൾ തെക്കോ പടിഞ്ഞാറോ മാത്രമേ ഇറക്കാവൂ. വടക്കിനോട് ചേർന്ന് ഹാളും വരാന്തയും ക്രമീകരിക്കണം. പ്രധാനവാതിൽ വടക്കു കിഴക്കു വയ്ത്താം. പക്ഷേ വീടിന്റെ മദ്ധ്യത്തുനിന്ന് നേർവടക്കായി മറ്റൊരു വാതിലും വയ്ക്കണം. ആ വാതിലിന്റെ വശങ്ങളോട് ചേർന്ന് കാർപോർച്ചും പൂജാമുറിയോ നിസ്ക്കാര മുറിയോ പ്രാർഥനാമുറിയോ സജ്ജമാക്കുകയും ചെയ്യാം. വരാന്തയുണ്ടെന്ന് കരുതി ചിലർ കന്നിയിൽ നിന്ന് കിഴക്കോട്ട് പൂജാമുറി പണിയാറുണ്ട്. അത് ദോഷം ചെയ്യും. പലവിധ കലഹങ്ങൾക്കും ഇത് ഇടയാക്കും.
(വടക്കിന്റെ ബാക്കി അടുത്ത ആഴ്ച)
സംശയങ്ങളും മറുപടിയും
തെക്കു കിഴക്കേ മൂലയിലെ പട്ടിക്കൂട്ടിൽ നായ്ക്കൾ വാഴുന്നില്ല. എന്തെങ്കിലും പ്രതിവിധി പറയാമോ?
ഗോപാലനാശാൻ,
ബാലരാമപുരം
തെക്ക് കിഴക്ക് അഗ്നികോണാണ്. അവിടെയല്ല പട്ടിക്കൂട് പണിയേണ്ടത്. വടക്കു പടിഞ്ഞാറു ഭാഗത്താണ്. കിണർ, പൂജാമുറി, അടുക്കള എന്നിവയോടടുത്ത് പട്ടിക്കൂടോ പക്ഷിക്കുടുകളോ ഉണ്ടാക്കരുത്.