rakul-preet

മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗ് ചോദ്യം ചെയ്യലിന് ഹാജരായി. ലഹരി കേസ് അന്വേഷിക്കുന്ന നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ദക്ഷിണ മുംബയിലെ ഓഫീസിലാണ് നടിയെ ചോദ്യം ചെയ്യുക. സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബോളിവുഡിലെ ലഹരി ശൃംഖലയെ കുറിച്ചുള‌ള അന്വേഷണത്തിൽ ഇനി നടിമാരായ സാറ അലി ഖാൻ, ദീപിക പദുക്കോൺ,ശ്രദ്ധ കപൂർ എന്നിവരെയും ചോദ്യം ചെയ്യും.

രാവിലെ 10.30ഓടെ ഹാജരായ നടിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. സുശാന്തിന്റെ കാമുകി അറസ്‌റ്റിലായ റിയ ചക്രബർത്തിയുടെ ചാ‌റ്റുകളിൽ നിന്നാണ് നടിമാരെ കുറിച്ചുള‌ള വിവരങ്ങൾ ലഭിച്ചത്. ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഓഫീസിലെത്തിയിട്ടുണ്ട്.അറസ്‌റ്റിലായ റിയ ചക്രബർത്തിയെ ചോദ്യം ചെയ്‌തപ്പോൾ രാകുൽ പ്രീത് സിംഗിനും സാറ അലിഖാനും ലഹരിമരുന്ന് നൽകിയതായി മൊഴി നൽകിയിരുന്നു.

സുശാന്ത് സിംഗിന്റെ ടാലന്റ് ഏജന്റായ ജയ സാഹയുടെ വാട്‌സാപ്പ് ചാ‌റ്റിൽ നിന്നാണ് ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും പേരുകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ജയ സാഹയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ശ്രദ്ധയും സാറ അലി ഖാനും നാളെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടത്.

സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി മയക്ക് മരുന്ന് വിതരണ ശൃംഖലയായ 'ഡ്രഗ് സിൻഡിക്കേ‌റ്റിൽ' അംഗമാണെന്ന് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. റിയ മുംബയിലെ ബൈക്കുള ജയിലിലാണ് ഇപ്പോൾ.