കഴിഞ്ഞദിവസം കായികതാരങ്ങളടക്കമുളളവരുമായി നടത്തിയ ഫിറ്റ് ഇന്ത്യ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ച നമ്മുടെ സ്വന്തം മുരിങ്ങ ചില്ലറക്കാരനല്ല. വേരുമുതൽ തണ്ടുവരെ മുരിങ്ങയിൽ കളയാൻ ഒരു ഭാഗവുമില്ല. എല്ലാത്തിനും ഔഷധഗുണമുണ്ടുതാനും. നമ്മുടെ പൂർവികർക്ക് മുരിങ്ങയുടെ ഗുണഗണങ്ങളെക്കുറിച്ച് നല്ലബോധ്യമുണ്ടായിരുന്നു. അതിനാലാണ് വീട്ടുവളപ്പിലും തൊടിയിലുമൊക്കെ മുരിങ്ങക്ക് സ്ഥാനംകിട്ടിയതും. വൈറ്റമിൻ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കൾക്കു പുറമെ ബീറ്റാ കരോട്ടിൻ, അമിനോ ആസിഡ്, ആന്റി ഓക്സിഡന്റ് ആയ ഫെനോലിക്സ്, കരോട്ടിനോയ്ഡ്, അസ്കോർബിക് ആസിഡ് മുതലായവ മുരിങ്ങയിൽ അടങ്ങിയിരിക്കുന്നു.ഏറ്റവും കൂടുതൽ ഔഷധഗുണമുളളതും മുരിങ്ങയിലയിൽ തന്നെയാണ്.
ഓറഞ്ചിനെക്കാൾ ഏഴുമടങ്ങ് വൈറ്റമിൻ സിയാണ് മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നത്. പാലിനെക്കാൾ നാലു മടങ്ങ് കാൽസ്യവും രണ്ട് മടങ്ങ് പ്രോട്ടീനും ഏത്തപ്പഴത്തെക്കാൾ മൂന്ന് മടങ്ങ് പൊട്ടാസ്യവും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഏറെയുളളതാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മുരിങ്ങയിലയെ സഹായിക്കുന്നത്. ബുദ്ധിശക്തി കൂട്ടുന്നതിനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നത് ബെസ്റ്റാണ്.
ഗർഭിണി മുരിങ്ങയില കഴിക്കുന്നത് ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം കൂട്ടും. മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന ചില അമിനോ ആസിഡുകൾ മുലപ്പാൽ കൂട്ടുന്നതിനും ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. തൊലിയിലെ ചുളിവുകൾ ഇല്ലാക്കുന്നതിനും ചർമ്മത്തിലെ ഈർപ്പം നിലനിറുത്താലും മുഖക്കുരു തടയാനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. ഗുണങ്ങൾ ഒരുപാടുണ്ടെന്ന് കരുതി മുരിങ്ങയില അമിതമായി കഴിച്ചാൽ വയറിളക്കം പോലുളള പ്രശ്നങ്ങൾ ഉണ്ടാവും.
മുരിങ്ങാക്കായുടെ ഉപയോഗം ലൈംഗിക ശേഷി കൂട്ടുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങാണ് ഈ ഗുണത്തിന് പിന്നിൽ. വേവിച്ച മുരിങ്ങവിത്ത് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ഇതിനൊപ്പം അമിതവണ്ണം ഇല്ലാതാക്കുന്നതിനും കാൻസർ തടയാനും മുരിങ്ങവിത്തിന് കഴിയും.
ശരീരത്തിൽ ഇടിയും ചതവുമേൽക്കുന്നതുമൂലമുളള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മുരിങ്ങയുടെ തൊലിയും വേരുകളുമൊക്കെ ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. മുരിങ്ങയുടെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രത്തെ വർദ്ധിപ്പിക്കുകയും ചെയ്യും.
ഇന്നലെ നടന്ന സംവാദത്തിൽ പോഷകാംശമുള്ള ഭക്ഷണത്തിന്റെ പട്ടികയിൽ മുരിങ്ങക്കയെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി മുരിങ്ങക്കകൊണ്ട് താൻ പറാത്ത (ഉത്തരേന്ത്യൻ പൊറോട്ട) ഉണ്ടാക്കാറുണ്ടെന്നും അതിന്റെ പാചകക്കുറിപ്പ് ജനങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു.