sex-workers

മുംബയ്: വേശ്യാവൃത്തി നിയമപ്രകാരം കുറ്റകരമല്ലെന്നും, പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് അവളുടെ തൊഴിൽ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ബോംബെ ഹൈക്കോടതി. സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ തടങ്കലിൽ വയ്ക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വനിതാ ഹോസ്റ്റലിൽ തടഞ്ഞുവച്ച മൂന്ന് ലൈംഗിക തൊഴിലാളികളെ സ്വതന്ത്രരാക്കി.


'വേശ്യാവൃത്തിയെ ക്രിമിനൽ കുറ്റമായി കാണുന്ന, അല്ലെങ്കിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ നിയമപ്രകാരം വ്യവസ്ഥയില്ല' -ജഡ്ജി പറഞ്ഞു.വാണിജ്യാവശ്യങ്ങൾക്കായി ഒരാളെ ചൂഷണം ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് വ്യക്തമാക്കിയ കോടതി 20, 22, 23 വയസ് പ്രായമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചു.


മുംബയ് പൊലീസിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് 2019 സെപ്തംബറിൽ മലാഡിലെ ചിൻചോളി ബിൻഡർ പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് അവരെ ഒരു വനിതാ ഹോസ്റ്റലിലേക്ക് മാറ്റുകയും, പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.

മാതാപിതാക്കൾക്കൊപ്പം പോകാൻ ഈ സ്ത്രീകൾക്ക് താൽപര്യമില്ലെന്ന് കണ്ടെത്തിയതിനാൽ 2019 ഒക്ടോബർ 19 ന് മജിസ്‌ട്രേറ്റ് അവരെ അമ്മമാർക്ക് കൈമാറാൻ വിസമ്മതിച്ചു. പകരം ഉത്തർപ്രദേശിലെ വനിതാ ഹോസ്റ്റലിൽ സ്ത്രീകളെ പാർപ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു. ഈ ഉത്തരവാണ് ഇന്നലെ ബോംബെ ഹൈക്കോടതി റദ്ദാക്കിയത്.

ഇവരുടെ താൽപര്യമാണ് പ്രധാനമെന്നും, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതുപോലെ അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും, രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും, സ്വന്തം തൊഴിൽ തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.