palayam

തിരുവനന്തപുരം: 163 വർഷത്തെ പാരമ്പര്യമുള്ള, തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പാളയം കണ്ണിമേറ മാർക്കറ്റിന്റെ നവീകരണം വിവാദമായ പാലാരിവട്ടം പാലം നിർമ്മിച്ച ആർ.ഡി.എസ് കമ്പനി തന്നെ നിർവഹിക്കും. ആർ.ഡി.എസിനെ ചുമതലയേൽപിക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും അനുമതി നൽകിയതോടെയാണിത്. പാലാരിവട്ടം പാലത്തിലെ നിർമ്മാണ അപാകതയെ തുടർന്ന് പാളയം മാർക്കറ്റ് നവീകരണം ഇവരെ ഏൽപിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ, നവീകരണത്തിനുള്ള ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ആർ.ഡി.എസ് ആയതിനാൽ കരാർ അവർക്ക് തന്നെ നൽകാൻ നഗരസഭ തീരുമാനിച്ചു. എന്നാൽ, വിവാദങ്ങളിൽ നിന്ന് ഒഴിവാകാൻ അന്തിമതീരുമാനം തദ്ദേശവകുപ്പിന് വിട്ട് നഗരസഭ സ്വയം സുരക്ഷിതരാവുകയും ചെയ്തു. സർക്കാരിന്റെ അനുമതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് നഗരസഭയിപ്പോൾ.

അഞ്ചുനില കെട്ടിടം

സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ണിമേറ മാർക്കറ്റ് നവീകരിക്കുന്നത്. അഞ്ചു നിലകളുള്ള കെട്ടിടത്തിൽ ആധുനിക സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തും. ആദ്യ രണ്ട് നിലകൾ പൂർണമായും വാഹന പാർക്കിംഗിനായി മാറ്റിവയ്ക്കും. മറ്റ് മൂന്ന് നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നവീകരണ രൂപരേഖ. മാർക്കറ്റിന്റെ മുന്നിലെ പൈതൃക മതിലും കവാടവും അതുപോലെ തന്നെ നിലനിറുത്തും. മാർക്കറ്റിലേക്ക് പ്രവേശിക്കാൻ മൂന്നു ഭാഗത്തു നിന്നും റോഡുകളുമുണ്ടാകും. 450 കടകളാണ് ഇവിടെ പ്രവർത്തിക്കുക. ഒക്ടോബർ ആദ്യവാരം നിർമ്മാണം തുടങ്ങാനാണ് ലക്ഷ്യം.

നിർമ്മാണത്തിന് ആധുനിക സംവിധാനങ്ങൾ
മാർക്കറ്റിന്റെ നിർമ്മാണത്തിന് പൈലിംഗും മറ്റും ഒഴിവാക്കുന്നതിനായി പ്രീഫാബ്രിക്കേറ്റഡ് നിർമ്മാണഘടന അടക്കമുള്ള ആധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുക. മാർക്കറ്റ് നവീകരണം നടക്കുമ്പോൾ അവിടത്തെ 450 കടകൾക്ക് പ്രവർത്തിക്കുന്നതിനായി ട്രിഡയുടെ സ്ഥലത്ത് ഉന്നതനിലവാരമുള്ള സ്റ്റീൽ കൊണ്ടുള്ള നിർമ്മിതി സ്ഥാപിച്ച് മുഴുവൻ കടകളും അവിടേക്ക് മാറ്റും. കൂടുതൽ പരിസ്ഥിതി സൗഹൃദവും ദീർഘകാലം ഈട് നിൽക്കുന്നതുമായ ഈ നിർമ്മിതികൾ ഭാവിയിൽ ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാൻ കഴിയുന്നതുമാണ്.

മാർക്കറ്റിലെ മാലിന്യക്കുഴി അപ്രത്യക്ഷമാകും

ഇപ്പോൾ മാർക്കറ്റിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന കുഴി മൂടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പകരം ഇനോക്കുലം ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കുന്ന സംവിധാനം ഒരുക്കും.

പദ്ധതിച്ചെലവ്: 113 (തുക കോടിയിൽ, 12% ജി.എസ്.ടി കൂടി ചേർത്ത് 113 കോടി)

പുനരധിവാസത്തിന്: 12.7

പുതിയ മാർക്കറ്റ് നിർമ്മാണത്തിന്: 61.05

വൈദ്യുതീകരണം, കാർ പാർക്കിംഗ് അടക്കം: 8.17
നിർമ്മാണസമയം: 18 മാസം

മാർക്കറ്റ് മുഖം മിനുക്കുമ്പോൾ

* മാർക്കറ്റിന്റെ പൈതൃക കവാടം നിലനിറുത്തിയുള്ള നിർമ്മിതി

* ഹൈടെക് മത്സ്യമാർക്കറ്റ്

*വിറ്റുപോകാത്ത മത്സ്യം കേടാകാതെ സൂക്ഷിക്കാൻ കൂറ്റൻ ഫ്രീസർ

* ഓരോ സ്‌റ്റാളുകൾക്കും മൊബൈൽ ചാർജിംഗ് യൂണിറ്റ്,​ വിൽപനക്കാർക്ക് പൈപ്പ് കണക്ഷൻ

*ഫലപ്രദമായ മാലിന്യ സംസ്‌കരണ പ്ളാന്റ്

* 500 കാറുകളടക്കം പാർക്ക് ചെയ്യാൻ കഴിയുന്ന ബഹുതല പാർക്കിംഗ് സൗകര്യം