spb

ലോകം മുഴുവനുമുള്ള സംഗീത പ്രേമികളെ കണ്ണീരിലാഴ്ത്തി എസ്.പി.ബി യാത്രയാകുമ്പോൾ പതിറ്റാണ്ടുകൾ നീണ്ട സംഗീത വിസ്മയത്തിന് കൂടിയാണ് തീരശീല വീഴുന്നത്.വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ അങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക. എന്നാൽ അദ്ദേഹത്തിന്റെ ജീവിത്തിൽ അധികമാർക്കുമറിയാത്ത ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് പാതിവഴിയിൽ മുടങ്ങിപ്പോയ എഞ്ചിനിയറിംഗ് പഠനം.

അനന്തപൂരിലെ ജെ.എൻ.ടി.യുവിലെ വിദ്യാർഥിയായിരുന്നു എസ്.പി.ബി.എന്നാൽ ചില കാരണങ്ങൾ കൊണ്ട് എഞ്ചിനീയറിങ് പഠനം അവസാനിപ്പിക്കേണ്ടിവന്നു. തുടർന്ന് അദ്ദേഹം ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഒഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. പക്ഷേ അപ്പോഴും സ്വപ്നം സംഗീതം തന്നെയായിരുന്നു.

spb

പഠനത്തിനിടയിൽ പല സംഗീത മത്സരങ്ങളിലും പങ്കെടുത്തു. ശബ്ദം കൊണ്ട് എല്ലാവരെയും അമ്പരപ്പിക്കുകയും,മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തു. 1966-ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് കാലെടുത്തുവച്ചത്.അടിമൈപ്പെണ്‍ എന്ന എം.ജി.ആര്‍ ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. ജി. ദേവരാജന് വേണ്ടി കടല്‍പ്പാലം എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ ആദ്യമായി പാടിയത്

ഒരു ദിവസം റെക്കോ‌ഡിങ്ങിനായി ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തമാണ്. കന്നട സം​ഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറുകൾ കൊണ്ട് 21 ​ഗാനങ്ങളാണ് അദ്ദേഹം പാടി റെക്കോ‌ഡ് ചെയ്തത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ​ഗാനങ്ങളും, തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം റെക്കോഡ് ചെയ്തിട്ടുണ്ട്.

spb

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും എസ്.പി.ബിയ്ക്ക് സ്വന്തം. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. കെ.ബാലചന്ദറിന്‍റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. വിവിധ ഭാഷകൾ സംസാരിക്കുന്ന അദ്ദേഹം മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്.