spb

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് 1980ൽ ഇറങ്ങിയ ശങ്കരാഭരണം എന്ന തെലുങ്ക് സിനിമ. ഒരു മ്യൂസിക്കൽ ഡ്രാമ. ഡ്രാമ മാറ്റി വച്ചാൽ സംഗീതമാണ് സിനിമയിലെ പ്രധാന കഥാപാത്രം. അതും ശാസ്ത്രീയ സംഗീതം. ഡ്രാമയേക്കാൾ കൂടുതലായി ആ സംഗീതത്തെ - പ്രേക്ഷകർ ഇഷ്‌ടപ്പെട്ടതാണ് ആ സിനിമയുടെ വിജയം.

പണ്ടത്തെ തമിഴ്,​ തെലുങ്ക് സിനിമകളിലെല്ലാം ശാസ്‌ത്രീയ സംഗീതത്തിൽ അധിഷ്ഠിതമായ പാട്ടുകളായിരുന്നു. അതെല്ലാം പ്രേക്ഷകർക്ക് സ്വീകാര്യവുമായിരുന്നു. പാപനാശം ശിവന്റെ രചനയും ജി. രാമനാഥന്റെ സംഗീതവും ചേർന്ന് സൃഷ്‌ടിച്ച ആ പാരമ്പര്യം എം. എസ് വിശ്വനാഥൻ - രാമമൂർത്തി കൂട്ടുകെട്ടിലൂടെ തുടർന്നു. ശാസ്‌ത്രീയ സംഗീതത്തിന് പുതുമയും കാൽപനികതയും പകരുന്നത് എം. എസ് വിശ്വനാഥനാണ്. അതോടെ അന്നത്തെ പുതിയ തലമുറയും സംഗീതത്തിലേക്ക് ആകർഷിക്കപ്പെട്ടു. എം. ജി. ആർ - ശിവാജി ഗണേശൻ കാലഘട്ടത്തിൽ ടി. എം. സൗന്ദര രാജൻ,​ പി. ബി ശ്രീനവാസ്,​ എ. എം. രാജ എന്നീ ഗായകർ പാട്ടുകളെ ജനകീയമാക്കി.

സംഗീതത്തിൽ ശാസ്‌ത്രീയമായ അടിത്തറയുണ്ടായിരുന്ന ഇവർ കത്തി നിൽക്കുമ്പോഴാണ് ആന്ധ്ര പ്രദേശിൽ എസ്. പി. ബാലസുബ്രഹ്മണ്യം സംഗീതത്തിലെ പുതിയ പ്രതിഭാസമായി ഉദിച്ചുയരുന്നത്. അതും സംഗീതം ശാസ്‌ത്രീയമായി അഭ്യസിക്കാതെ. ശാസ്‌ത്രീയ പിൻബലം ഇല്ലാതിരുന്നിട്ടും അതുള്ള ഗായകരെ പോലെ എസ്. പി പാടി. ശങ്കരാഭരണത്തിലെ പത്ത് പാട്ടുകളിൽ ഒൻപതും ആ പ്രതിഭയുടെ മാറ്റ് തെളിയിച്ചു.

കെ. വി മഹാദേവൻ ശാസ്‌ത്രീയമായി ചിട്ടപ്പെടുത്തിയ ആ ഗാനങ്ങൾ ശാസ്‌ത്രീയമായി അവഗാഹമുള്ള സംഗീതജ്ഞർക്ക് മാത്രം കഴിയുന്ന മികവോടെയാണ് എസ്. പി ബാലസുബ്രഹ്മണ്യം പാടിയത്. അവരേക്കാൾ മികവോടെ എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. തെലുങ്കിൽ മാത്രമല്ല,​ ശങ്കരാഭരണം ഡബ്ബ് ചെയ്‌ത നാല് ഭാഷകളിലും അദ്ദേഹം തന്നെയാണ് പാടിയത്.
എ. പിയുടെ ശബ്ദത്തിന്റെ കാൽപ്പനികതയും സിനിമയുടെ പ്രമേയത്തിന്റെ മൊത്തത്തിലുള്ള വൈകാരികത ഉൾക്കൊണ്ടതും ആ പാട്ടുകൾക്ക് മിഴിവേകി. ശാസ്‌ത്രീയ സംഗീതത്തെ ആബാലവൃദ്ധം ജനങ്ങളുമായയും അടുപ്പിച്ചു എന്നതാണ് ശങ്കരാഭരണത്തിന്റെ പ്രസക്തി. പ്രത്യേകിച്ച് യുവ തലമുറയെ. വെട്ടൂരി സുന്ദരരാമമൂർത്തിയുടെ രചനകളായ ശങ്കരാ നാദ ശരീരാ പരാ.....,​ ദൊരകുനാ.. ,​ഓങ്കാര നാദാനുസന്ധാന... എന്നിവ ഉൾപ്പെടെ എസ്. പി. പാടിയ ഗാനങ്ങളെല്ലാം കാലത്തെ അതിജീവിച്ചു നിൽക്കുന്നു. അതിൽ തന്നെ ശങ്കരാ നാദ ശരീരാ പരാ...എകാലത്തെയും ജനപ്രിയ ശാസ്‌ത്രീയ ഗാനമായിരിക്കും. ശങ്കരാഭരണത്തിലെ പാട്ടുകൾ നാഴികക്കല്ലുകളാകുന്നതിന്റെ കാരണം ഈശ്വരന്റെ വരംകിട്ടിയ എസ്. പി. ബാലസുബ്രഹ്മണ്യം എന്ന മഹാഗായകൻ ആലാപനത്തിൽ തുന്നിച്ചേർത്ത പ്രതിഭയുടെ പൊൻ നൂലുകളാണ്.