കൊച്ചി: ഐസിസിനൊപ്പം ചേർന്ന് ഇറാക്കിനെതിരെ യുദ്ധംചെയ്തെന്ന കേസിൽ തൊടുപുഴ മാർക്കറ്റ് റോഡിലെ സുബഹാനി ഹാജ മൊയ്തീനുളള ശിക്ഷ ഇന്ന് വിധിക്കും. ഇയാൾ കുറ്റക്കാരനാണെന്ന് എൻ ഐ എ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 2015ൽ തുർക്കി വഴി ഇറാക്കിലേക്ക് പോയ സുബഹാനി ഐസിസിൽ ചേർന്ന് ആയുധ പരിശീലനം നേടുകയും മൊസൂളിന് അടുത്തുള്ള യുദ്ധഭൂമിയിൽ വിന്യസിക്കപ്പെടുകയും ചെയ്തെന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ഇന്ത്യയ്ക്കും സൗഹൃദരാജ്യങ്ങൾക്കുമെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചുമത്തി എൻ ഐ എ എടുത്ത ആദ്യ കേസാണിത്. എ എസ് പി ഷൗക്കത്തലിയായിരുന്നു അന്വേഷിച്ചത്.
കണ്ണൂർ കനകമലയിൽ 2016ൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണ് എൻ ഐ എ സുബഹാനിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലും ഐസിസിന്റെ പ്രവർത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും ഇയാൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇറാക്കിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയിലൂടെ 15 പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായും ശിവകാശിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ ശേഖരിച്ച് കൂടുതൽ ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.