drishyam

കട്ടി താടിയും അരക്കൈ ഷർട്ടും മുണ്ടുമുടുത്ത് നാട്ടിൻപുറത്തുകാരൻ ജോർജ് കുട്ടിയായി വീണ്ടും മോഹൻലാൽ. ദൃശ്യം 2ന്റെ സെ‌റ്റിൽ എത്തിയ താരത്തിന്റെ ചിത്രം സംവിധായകൻ ജിത്തു ജോസഫ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കൂടുതൽ ചെറുപ്പമായി താരം എന്ന് ചിത്രം കണ്ട ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

2013ൽ പുറത്തിറങ്ങിയ സൂപ്പർ ഹി‌റ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലെ കഥാപാത്രത്തിന്റെ ലുക്കിലുള‌ള മോഹൻലാലിനൊപ്പം ചിത്രത്തിന്റെ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, ക്യാമറാമാൻ സതീഷ് കുറുപ്പ് എന്നിവരുമുണ്ട്. ദൃശ്യത്തിൽ മോഹൻലാലിന്റെ കുടുംബാംഗങ്ങളായി മീന, അൻസിബ ഹസൻ,എസ്‌താർ അനിൽ എന്നിവർ ചിത്രത്തിൽ വീണ്ടുമെത്തുന്നുണ്ട്. ദൃശ്യത്തിലുണ്ടായിരുന്ന സിദ്ദിക്ക്,ആശാ ശരത്ത് എന്നിവർക്കൊപ്പം സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത്ത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിൽ ജോൺസണാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിങ് വിനായകൻ. കലാസംവിധാനം രാജീവ് കോവിലകം. നിശ്ചല ഛായാഗ്രഹണം ബെന്നറ്റ്, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു.

അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ.സഹസംവിധാനം സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ എക്സികുട്ടീവ് സേതു അടൂർ, പ്രൊഡക്ഷൻ മാനേജർ. പ്രണവ് മോഹൻ, ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ.

കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരണം നടത്തുന്ന ചിത്രം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും കൊവിഡ് ടെസ്‌റ്റ് നടത്തിയ ശേഷമാണ് ചിത്രീകരണം തുടങ്ങുക. ചിത്രീകരണം പൂർത്തിയാകും വരെ ടീമിലുള‌ളവർ‌ക്ക് പുറത്ത് പോകാനോ മ‌റ്റുള‌ളവർക്ക് ചിത്രത്തിന്റെ ടീമിലുള‌ളവരെ ബന്ധപ്പെടാനോ കഴിയില്ല.