ഭോപ്പാല്‍ : മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബന്ദവ്ഗവ് ടൈഗര്‍ റിസര്‍വില്‍ ആണ്‍ കടുവ പെണ്‍ കടുവയെ കൊന്ന് ഭക്ഷിച്ചു. ബുധനാഴ്ച വൈകുന്നേരം കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫര്‍ സോണിന് സമീപത്തായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെണ്‍ കടുവയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍ കടുവയുടെ ജഡത്തിന് സമീപം ആണ്‍കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്, പൊരിഞ്ഞ പോരാട്ടം നടന്നതിന്റെ അടയാളങ്ങളും ഇവിടെയുണ്ട്. ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്ന കടുവകള്‍ക്കിടയില്‍ സാധാരണ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. ആക്രമണത്തില്‍ ദുര്‍ബലനായ എതിരാളിയുടെ ജീവന്‍ നഷ്ടമാവുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്തിയ സ്വവര്‍ഗത്തില്‍ പെട്ട എതിരാളിയുടെ മാംസം കടുവകള്‍ ഭക്ഷിക്കുന്നത് അത്യപൂര്‍വമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
മധ്യപ്രദേശില്‍ കൊല്ലപ്പെട്ട പെണ്‍കടുവയ്ക്ക് ഉദ്ദേശം മൂന്ന് വയസ് പ്രായമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്നും വ്യക്തമാവുന്നത്. കടുവയുടെ ശരീരത്തില്‍ നിരവധി മുറിവുകളേറ്റിരുന്നു. കൊലപ്പെടുത്തിയ ശേഷം പെണ്‍കടുവയുടെ മസ്തകത്തില്‍ നിന്നുമുള്ള മാംസമാണ് ആണ്‍ കടുവ ഭക്ഷിച്ചത്. ചത്ത കടുവയുടെ തോളെല്ല് ഒടിയുകയും തലയോട്ടി തകരുകയും ചെയ്തു. സാധാരണ ഗതിയില്‍ കടുവകള്‍ മറ്റു കടുവകളുടെ മാംസം കഴിക്കുകയില്ലെങ്കിലും പോരാട്ടത്തിന്റെ ശൗര്യത്തില്‍ ഇങ്ങനെ ചെയ്യുമെന്നും വാദമുണ്ട്.