മമ്മൂട്ടിയെയും മോഹൻലാലിനെയും നേരിൽ കണ്ട കഥ ദുർഗകൃഷ് ണ പറയുന്നു....
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ദുർഗ കൃഷ്ണയ്ക്ക് സിനിമയിൽ വന്നനാൾ മുതൽ ഒരു സ്വപ്നമുണ്ടായിരുന്നു. സ്വപ്ന താരങ്ങളായ മമ്മുക്കയെയും ലാലേട്ടനെയും ഒരിക്കലെങ്കിലും നേരിൽ കാണണം.ആ ആഗ്രഹങ്ങൾ സഫലമായി. മോഹൻലാലിനൊപ്പം റാം എന്നചിത്രത്തിൽ അഭിനയിക്കാനും കഴിഞ്ഞു.
ചില സ്വപ്നങ്ങൾ അങ്ങനെയാണ്. കാണുന്നതിനേക്കാൾ വേഗത്തിൽ യാഥാർത്ഥ്യമാകും.''മമ്മുക്കയെയാണ് ആദ്യം കണ്ടത്. ഒരു ഫംഗ്ഷനിൽ വച്ച് കണ്ടു. ഞാൻ പോയി പരിചയപ്പെട്ടു. പിന്നീട് അമ്മ ഷോയുടെ സ്കിറ്റിൽ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടി.
മമ്മുക്ക ഭയങ്കര ദേഷ്യക്കാരനാണ് എന്നൊക്കെയാണ് കേട്ടത്. പക്ഷേ എന്ത് കൂളാണെന്നോ മമ്മുക്ക.ഞാൻ മമ്മുക്കയുമായി വളരെ കംഫർട്ടായിരുന്നു. ഒപ്പം അഭിനയിക്കുന്നതിനു മുമ്പ്തന്നെ നമ്മൾ മമ്മുക്കയുമായി സെറ്റാകും.
ലാലേട്ടനെ നേരിൽ കാണണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അമ്മ ഷോയുടെ റിഹേഴ്സലിന്റെ ആദ്യ ദിവസം ലാലേട്ടനുണ്ടെന്നറിഞ്ഞ് കുറേ പ്രാവശ്യം ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വാതിൽ തുറക്കുമ്പോഴെങ്കിലുമൊന്ന് കാണാമല്ലോയെന്ന് വിചാരിച്ചിട്ട്. പക്ഷേ അന്നത്തെ ദിവസം ലാലേട്ടനെ കാണാനേ പറ്റിയില്ല.
ഫേസ് ബുക്ക് സ്റ്റാർട്ട് ചെയ്ത സമയത്ത് ഞാൻ ഫേസ് ബുക്കിൽ ലാലേട്ടന് മെസേജ് അയക്കുമായിരുന്നു. ലാലേട്ടന്റെ ബർത്ത് ഡേയ്ക്കും ഏതെങ്കിലുമൊക്കെ സിനിമകൾ കണ്ടശേഷവും. ലാലേട്ടൻ എന്റെ മെസേജുകളൊന്നും കണ്ടിട്ടില്ലെങ്കിലും ഞാൻ മെസേജ് ചെയ്തുകൊണ്ടേയിരുന്നു. സിനിമയിൽ വന്ന ശേഷം ഞാൻ അവസാനമായി ലാലേട്ടന് മെസേജ് അയച്ചത് മോഹൻലാൽ എന്ന സിനിമ കണ്ടശേഷമാണ്. ആ സിനിമ എനിക്ക് ശരിക്കും ഫീൽ ചെയ്തു. എന്നെപ്പോലൊരു ലാലേട്ടൻ ആരാധികയുടെ കഥയല്ലേ ആ സിനിമ പറയുന്നത്. ''ഞാനും ലാലേട്ടന്റെ ഫീൽഡിലെത്തി. ലാലേട്ടന്റെ അടുത്ത്. ലാലേട്ടനെ കാണാൻ ഇനി എനിക്ക് അധികം ദൂരമില്ല."" എന്നായിരുന്നു ഞാൻ ലാലേട്ടനയച്ച മെസേജ്. ആ മെസേജ് അയച്ച് രണ്ടാഴ്ച കഴിയുംമുമ്പ് ഞാൻ ലാലേട്ടനെ കണ്ടു.
അമ്മ ഷോ റിഹേഴ്സലിന്റെ രണ്ടാം ദിവസം ലാലേട്ടൻ ഞങ്ങളുടെ റിഹേഴ്സൽ നടക്കുന്ന ഹാളിലേക്ക് കയറിവന്നു. ഞാനാകെ ഷോക്കായിപ്പോയി. ആ സമയത്ത് എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല. ലാലേട്ടൻ വന്ന് ആരോടൊക്കെയോ സംസാരിച്ചിട്ട് കുറച്ച് നേരം കഴിഞ്ഞ് പുറത്തേക്ക് പോയി. ഞാൻ വായും പൊളിച്ച് അതൊക്കെ നോക്കി നിന്നു. ലാലേട്ടൻ പോയി കഴിഞ്ഞാണ് 'ഛെ. മിണ്ടാൻ പറ്റിയില്ലല്ലോ" യെന്ന് തോന്നിയത്.കുറച്ചുകഴിഞ്ഞ് ഏതോ ഒരു ചേട്ടൻ എന്നെ സ്കിറ്റിന്റെ റിഹേഴ്സലിന് വിളിച്ചു. അവിടെ ലാലേട്ടനും ഇന്നസെന്റേട്ടനുംസംസാരിച്ചുനിൽക്കുന്നു. ഞാൻ പതുക്കെ ലാലേട്ടന്റെ അടുത്തേക്ക് പോയി കൈ കൊടുത്തു സംസാരിച്ചു. രണ്ടാഴ്ച മുൻപ് കാണാൻ ഇനി അധികം ദൂരമില്ലെന്ന് ഞാൻ മെസേജ് അയച്ചയാൾ എന്റെ കൺമുന്നിൽ. സന്തോഷവും സങ്കടവും എക്സൈറ്റ്മെന്റുമെല്ലാം ചേർന്ന് ഞാൻ അറിയാതെ കരഞ്ഞുപോയി. റാമിന്റെ ചിത്രീകരണ സമയത്ത് ഞങ്ങൾക്കുവേണ്ടി ലാലേട്ടൻ ഡിന്നർ ഒരുക്കിത്തന്നിരുന്നു. അതെല്ലാം മഹാഭാഗ്യമായി കാണുന്നു. മമ്മുക്കയും ലാലേട്ടനുമായുള്ള സൗഹൃദവും അടുപ്പവുമൊക്കെ ഞാൻ നേരിൽ കണ്ടതാണ്. പക്ഷേ അവർ തമ്മിലുള്ള അടുപ്പം അറിയാതെ അവരുടെ പേരും പറഞ്ഞ് ഫാൻസ് നടത്തുന്ന ഫൈറ്റ് കാണുമ്പോൾ സങ്കടം തോന്നും.അവർക്കൊപ്പമുള്ള ഫോട്ടോ ഞാൻ എഫ്.ബിയിൽ പോസ്റ്റ് ചെയ്തപ്പോൾ ചിലർ മോശം കമന്റിട്ടു. ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.