ഐ പി എൽ കാലം ആരംഭിച്ചതോടെ മിക്ക വീടുകളിലും തർക്കത്തിന് മുഖ്യ ഹേതു ടിവിയാണ്. ജനപ്രിയ സീരിയലുകളും, വാർത്തകളും നിറയുന്ന സമയത്ത് ഐ പി എൽ കാണണമെന്ന ആഗ്രഹം ഏതെങ്കിലും വീടുകളിൽ നടക്കാറുണ്ടോ ? ടിവിയുടെ റിമോർട്ട് കരസ്ഥമാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾ കൊലപാതകത്തിൽ വരെ എത്തിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇതിനൊരു ബദലുമായി എത്തിയിരിക്കുകയാണ് ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാൻ. വീടുകളിൽ ടി വി സ്ഥാപിക്കുന്നതിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ മതി എന്നന്നേയ്ക്കുമായി ശാന്തത കൈവരുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത്തരത്തിൽ സ്ഥാപിച്ച ടിവിയുടെ ചിത്രവും ട്വിറ്ററിൽ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടെലിവിഷൻ സെറ്റിന്റെ മുൻ ഭാഗം ചുവരിനോട് ചേർത്ത് സ്ഥാപിച്ചാൽ വാസ്തു ശാസ്ത്ര പ്രകാരം പിന്നീട് വീട്ടിൽ ഒരു പ്രശ്നമോ വഴക്കോ ഉണ്ടാവില്ലെന്നാണ് ഐ എഫ് എസ് ഉദ്യോഗസ്ഥൻ വിവരിക്കുന്നത്. ഉദ്യോഗസ്ഥന്റെ ഈ ട്രോൾ പോസ്റ്റ് വൈറലായിരിക്കുകയാണ്. സ്വന്തം കുടുംബത്തിലെ അവസ്ഥ കണ്ടാണോ ഇത്തരം ഒരു പോസ്റ്റ് ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നതിന് ഉത്തരം ഇനിയും ലഭിച്ചിട്ടില്ല.