bermuda-triangle

ഭയപ്പെടുത്തുന്ന കഥകളും ചുരുളഴിയാത്ത രഹസ്യങ്ങളുമായി ഭീതിപ്പെടുത്തുന്നതാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമു‌‌ഡ ട്രയാംഗിൾ. ഈ ബർമുഡ ട്രയാംഗിനെ വെല്ലു ന്ന മറ്റൊരിടം റൊമേനിയയിലുണ്ട്. ഇടതൂർന്ന് നിൽക്കുന്ന കാടും മരങ്ങളും ചേർന്ന വിചിത്രമായ ഒരു സ്ഥലമാണിത്. സഞ്ചാരികളെ വളരെയേറെ വിസ്മയിപ്പിക്കുകയും അതേ സമയം ഭയപ്പെടുത്തുകയും ചെയ്യുന്ന ഹോയയ് ബാസിയു. റൊമേനിയയിലെ ട്രാൻസിൽവാനിയയിലെ എന്റോഗ്രാഫിക് മ്യൂസിയത്തിന് സമീപമുള്ള ക്ലൂജ്-നാപ്പോക എന്ന സ്ഥലത്തിനടുത്താണ് ട്രയാംഗിൾ സ്ഥിതി ചെയ്യുന്നത്. 250 ഹെക്ടറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം റൊമാനിയൻ ബർമുഡ ട്രയാംഗിൾ എന്നാണറിയപ്പെടുന്നത്. തണുത്തുറഞ്ഞ മഞ്ഞും ഇരുട്ടിൽ നിന്ന് ഉയരുന്ന നിലവിളി ശബ്ദങ്ങളും അലറിക്കരച്ചിലുകളുമെല്ലാം ഇവിടെ സ്ഥിരം സംഭവങ്ങളാണ്.

പല കാരണങ്ങൾ കൊണ്ടും കാട്ടിൽ കയറിയ ആയിരത്തോളം ആളുകൾ ഇനിയും തിരികെ വന്നിട്ടില്ല. ഒരിക്കൽ 200 ആടുകളെയും കൊണ്ട് മേയ്ക്കാനായി ഈ കാട്ടിലേയ്ക്ക് കയറിയ ഇടയൻ തിരികെ വരാതായതോടെയാണ് ഈ പ്രദേശം ചർച്ചാ വിഷയമാകുന്നത്. അന്യഗ്രഹ ജീവികളുടെ ഒരു സങ്കേതമാണിതെന്നും അഭ്യൂഹങ്ങളുണ്ട്. എമിൽ ബർനെ എന്ന ഫോട്ടോഗ്രഫർ 1968ൽ ഇവിടെ നിന്ന് ഒരു അന്യഗ്രഹ പേടകത്തിന്റെ ഫോട്ടോ എടുത്തിരുന്നു.

കാട്ടിൽ കടന്ന പലരും പറയുന്നത് ഈ പ്രദേശം തീർത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്കുള്ള കവാടമാണെന്നാണ്. സമയബോധം നഷ്ടപ്പെടലാണ് ഇവിടെ പലപ്പോഴും ആളുകൾക്ക് സംഭവിക്കുന്നത്. കാട്ടിൽ പ്രവേശിച്ച നിരവധി പേരെ കുറച്ചുകാലത്തോളം കാണാതായതായും തിരികെ വരുമ്പോൾ അവർ കാട്ടിൽ ചെലവഴിച്ച സമയത്തെക്കുറിച്ചോ അവർ ചെയ്ത കാര്യങ്ങളെക്കുറിച്ചോ യാതൊരു ഓർമ്മയുമില്ലെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. വനത്തിലെ അസാധാരണ സംഭവങ്ങളെക്കുറിച്ച് മറ്റൊരു കഥയും ഇവിടെയുണ്ട്. നൂറുകണക്കിന് റൊമാനിയൻ കർഷകരെ ഒരിക്കൽ കാട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയെന്നും അന്നുമുതൽ അവരുടെ പീഡിതരായ ആത്മാക്കൾ പച്ചക്കണ്ണുകൾ നിരീക്ഷിക്കുന്ന രൂപത്തിലും ചിലപ്പോൾ അജ്ഞാതമായ കറുത്ത മൂടൽമഞ്ഞിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടാറുണ്ടെന്നും പറയുന്നു. . ഡ്രാക്കുളയുടെ നാടായി അറിയപ്പെടുന്ന ട്രാൻസിൽവാനിയയ്ക്കടുത്താണ് ഹോയ ബാസിയു വനം സ്ഥിതിചെയ്യുന്നത്. ഈ വനത്തിന് ഡ്രാക്കുള കഥയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല.