spb-sing

ചെന്നൈ: ഓഗസ്‌റ്റ് 5ന് കൊവിഡ് സ്ഥിരീകരിച്ചതായി സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വയം അറിയിച്ച എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ

നില പത്ത് ദിവസത്തിനകം ഗുരുതരമായതോടെ പ്രാർ‌ത്ഥനയിലായിരുന്നു ഇന്ത്യൻ സിനിമാ ലോകം. മികച്ച ഗായകനും, കലാകാരനും എല്ലാത്തിനുമുപരി സഹൃദയനായ നല്ലൊരു മനുഷ്യനുമായ അദ്ദേഹത്തിന്റെ രോഗാവസ്ഥ ഏവരെയും വല്ലാതെ അലട്ടി. പ്രശസ്‌ത സംഗീത സംവിധായൻ ഇളയരാജയുമായുള‌ള എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ സൗഹൃദം സിനിമാ ലോകത്തിന് പുറത്ത് ആരംഭിച്ചതാണ്. ചലച്ചിത്ര ലോകത്ത് ആദ്യമെത്തിയ സമയത്ത് എസ്.പി.ബി ധാരാളം ഗാനമേളകളും കച്ചേരികളും നടത്തിയിരുന്നു. അന്ന് എസ്.പിബിയ്‌ക്ക് വേണ്ടി ഹാർമോണിയം വായിച്ചത് രാജ എന്ന് എസ്.പി.ബി വിളിക്കുന്ന ഇളയരാജയാണ്. എസ്.പി.ബി ഇളയരാജയ്‌ക്ക് ബാലു ആയിരുന്നു.

ഗാഢമായ അവരുടെ സൗഹൃദ ബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു കൊവിഡ് ഗുരുതരമായ കാലത്ത് എസ്.പി.ബിയെ അഭിസംബോധന ചെയ്‌ത് ഇളയരാജ പങ്കുവച്ച വീഡിയോ. തന്റെ ചങ്ങാതിയുടെ ആരോഗ്യ നിലയിലെ വിഹ്വലത നിറഞ്ഞ മുഖവുമായി ഇളയ രാജ ഇങ്ങനെ പറഞ്ഞു.'ബാലൂ. വേഗം തിരികെ വരൂ. നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. നമ്മുടെ ജീവിതം സിനിമയിൽ ആരംഭിച്ചതല്ല, സിനിമയിൽ അവസാനിച്ച് പോകുന്നതുമല്ല. സിനിമയിൽ ആരംഭിച്ചതുമല്ല. ഏതൊക്കെയോ കച്ചേരികളിൽ ഒരുമിച്ച് ആരംഭിച്ച സംഗീതം നമ്മുടെ ജീവിതവും ജീവിക്കാനുള്ള കാരണവും ആവുകയായിരുന്നു. സംഗീതത്തിൽ നിന്ന് സ്വരങ്ങൾ എങ്ങനെ വേർപിരിയാതെ നിൽക്കുന്നുവോ അങ്ങനെയായിരുന്നു നമ്മുടെ സൗഹൃദവും. നമ്മൾ തർക്കിച്ച സമയങ്ങളിൽ പോലും ആ സൗഹൃദം നമ്മെ വിട്ടുപോയില്ല. അതിനാൽ നീ തിരിച്ചുവരാൻ ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് എന്റെ ഉള്ളം പറയുന്നു. അതിനായി ഞാൻ പ്രാർഥിക്കുന്നു.'

എസ്.പി.ബി പൂർണ ആരോഗ്യത്തോടെ മടങ്ങിവരാൻ തെന്നിന്ത്യൻ ചലച്ചിത്ര ലോകം ഒന്നാകെ ഓഗസ്‌റ്റ് 20ന് വൈകുന്നേരം 6 മണി മുതൽ പ്രാർത്ഥന നടത്തി. സൂപ്പർ താരം രജനികാന്ത്,കമലഹാസൻ, തമിഴ് സംവിധായകൻ ഭാരതി രാജ,സംഗീത സംവിധായകൻ എ.ആർ റഹ്‌മാൻ, ഗായിക കെ.എസ് ചിത്ര, നടൻ വിവേക്, ചിലമ്പരശൻ, സംഗീത സംവിധായകൻ ജി.വി പ്രകാശ് കുമാർ, ഗാന രചയിതാവ് വൈരമുത്തു എന്നിവരും നിരവധി ആരാധകരും അദ്ദേഹത്തിന്റെ മടങ്ങിവരവിനായി അന്ന് ഒരുമിച്ചുചേർന്നു.
വിവിധ ഭാഷകളിലായി 40,000ത്തോളം ഗാനങ്ങൾ ആലപിച്ച എസ്.പി.ബിയ്ക്കായി ബോളിവുഡും പ്രാർത്ഥനയിലായിരുന്നു.നടൻ സൽമാൻ ഖാൻ 'എസ്.പി സർ രോഗം ഭേദമായി എത്രയും വേഗം മടങ്ങി വരട്ടെ.അങ്ങയുടെ ദിൽ ദിവാന ഹിറോ പ്രേം.' എന്ന് ആശംസിച്ചിരുന്നു. സൽമാന്റെ 1989ൽ പുറത്തിറങ്ങിയ 'മേനെ പ്യാർ കിയ' യിലെ ദിൽ ദീവാന ഗാനം വൻ ഹി‌റ്റായിരുന്നു. ഹം ആപ് കെ ഹേ കോൻ, പത്ഥർ കെ ഫൂൽ,ലൗ,സാജൻ,അന്താസ് അപ്‌ന അപ്‌ന എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വർഷങ്ങളോളം എസ്.പി.ബി സൽമാൻ ഖാന്റെ ശബ്‌ദമായി തുടരുകയും ചെയ്‌തു.

നിരവധി ചിത്രങ്ങളിൽ എസ്.പി.ബിയ്ക്കൊപ്പം ഗാനമാലപിച്ച ഗായിക കെ.എസ്.ചിത്ര വളരെ പോസി‌റ്റീവായ കരുത്തനായ മനുഷ്യനാണ് എസ്.പി.ബിയെന്നും രോഗാവസ്ഥയിൽ നിന്നും മടങ്ങി വരുമെന്നും പ്രതീക്ഷയർപ്പിച്ചിരുന്നു എന്നാൽ ഏവരെയും ദുഖത്താൽ നിശ‌ബ്‌ദരാക്കി 'പാടും നിലാവ്' ആയ ആ വലിയ ഗായകൻ വിടവാങ്ങിയിരിക്കുകയാണ്.