deepika

മുംബെയ്: ബോളിവുഡ് വിറങ്ങലിച്ചുനിൽക്കുകയാണ്. മുൻനിര നടിമാരെയടക്കം ചിലരെ ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ചോദ്യം ചെയ്തു തുടങ്ങിയതോടെയാണിത്. ലഹരിമരുന്നിന്റെ വേരുകൾ സിനിമാതാരങ്ങളിൽ എത്രത്തോളം ആഴത്തിൽ വോരോട്ടമുണ്ടായിട്ടുണ്ടെന്ന് നടിമാരുടെ ചോദ്യം ചെയ്യൽ പൂർത്തിയാവുന്നതോടെ വ്യക്തമാകും. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ലഹരിക്കേസിന് ആധാരമായ വിവരങ്ങൾ ലഭിക്കുന്നത്. അത് അങ്ങനെ ചങ്ങലപോലെ ചില നടിമാരിലേക്ക് നീണ്ടുചെന്നു. അത്രയ്ക്ക് ഗൗരവത്തോടെയാണ് എൻ.സി.ബി ഈ കേസ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ നടി റിയ ചക്രബർത്തിയുടെ മൊഴിയിലൂടെയാണ് കൂടുതൽ നടിമാരിലേക്ക് അന്വേഷണം എത്തുന്നത്.

നടി രാകുൽ പ്രീത് സിംഗ്, ദീപിക പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശ് എന്നിവരെ എൻ.സി.ബി ഇന്നലെ ചോദ്യം ചെയ്തതോടെ കേസിന്റെ വ്യാപ്തി പുതിയ തലത്തിലേക്ക് പടരുകയാണ്. നടി ദീപിക പദുകോണുമായി നടത്തിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് കരിഷ്മയിൽ നിന്ന് വിവരങ്ങൾ തേടുന്നത്. അതിനാൽ, കരിഷ്മയുടെ മൊഴി ദീപികയ്ക്ക് നിർണായകമാവും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ദീപിക പദുകോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവർക്ക് സമൻസ് നൽകിയിരിക്കുന്നത്.

റിയ ചക്രബർത്തിയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്തായതോടെയാണ് ദീപികയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ദീപികയെ എൻ.സി.ബി ഡയറക്ടർ ജനറൽ രാകേഷ് അസ്താനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇടപാടിന് പിന്നിൽ ആരൊക്കെയാണെന്നും മയക്കുമരുന്ന് ആവശ്യപ്പെട്ടത് സ്വന്തം ആവശ്യത്തിനായിരുന്നോ അതോ മറ്റാർക്കെങ്കിലും വേണ്ടി ആയിരുന്നോ എന്നതുമായിരിക്കും പ്രധാനമായും ചോദിച്ചറിയുക.

കേസ് വന്ന വഴി

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ലഹരിക്കേസിന് ആധാരമായ വിവരങ്ങൾ ലഭിക്കുന്നത്. ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞെങ്കിലും കാെലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ കെ.കെ. സിംഗ് പരാതി നൽകുകയായിരുന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും മനോനില തെറ്റിക്കാൻ മയക്കുമരുന്ന് നൽകുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

മരണത്തിന് മുമ്പ് സുശാന്തിനു വേണ്ടി മയക്കുമരുന്ന് വാങ്ങിയിരുന്നുവെന്നും ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് റിയ അറസ്റ്റിലായി. റിമാന്റിലായ റിയയിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സുശാന്തിന് മയക്കുമരുന്ന് വാങ്ങി നൽകിയിട്ടുണ്ടെന്ന കുറ്റസമ്മതം നടത്തി. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ജൂണിലായിരുന്നു സുശാന്തിന്റെ മരണം. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് ആഗസ്റ്റിൽ കേസ് സി.ബി.ഐക്ക് കൈമാറി.

സുശാന്ത് നടത്തിയ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുത്തെന്ന നടി റിയ ചക്രബർത്തിയുടെ മൊഴിയെ തുടർന്നാണ് നടി രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്യുന്നത്.

ദീപിക പദുകോൺ

മോഡലായിരുന്ന ദീപിക പദുകോൺ ഇന്ന് ഇന്ത്യയിലെ പ്രമുഖ നടിയും നിർമ്മാതാവുമാണ്. പ്രശസ്ത ടെന്നിസ് താരമായിരുന്ന പ്രകാശ് പദുകോണിന്റെ മകളാണ് മുപ്പത്തിനാലുകാരിയായ ദീപിക. മൂന്നു തവണ ഫിലിം ഫെയർ അവാർഡ് നേടി. ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളിൽ ഒരാളായി 2018 ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. കോപ്പൻഹേഗനിൽ ജനിച്ചു. വളർന്നത് ബാംഗളൂരുവിൽ. മോഡലിംഗ് ആരംഭിക്കുന്നതിനു മുമ്പ് കുറച്ചുനാൾ ബാഡ്മിന്റൺ രംഗത്തുണ്ടായിരുന്നു. താമസിയാതെ കന്നഡ സിനിമയിൽ അവസരം കിട്ടി. 'ഐശ്വര്യ'യിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചു. 2007 ൽ 'ഒാം ശാന്തി ഒാം' എന്ന ഹിന്ദി സിനിമയിൽ ഷാരൂഖ് ഖാന്റെ നായികയായി.

മുംബെയ് അക്കാഡമി ഒഫ് ദ മൂവിംഗ് ഇമേജിന്റെ ചെയർ പേഴ്സണും 'ലിവ്, ലവ്, ലാഫ് ഫൗണ്ടേഷന്റെ' സ്ഥാപകയുമാണ്. മാനസികാരോഗ്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. നടൻ രൺവീർ സിംഗാണ് ജീവിതപങ്കാളി.