spb

ഇളയരാജ അംഗമായ ഒരു ഗാനമേള സംഘത്തിന് എസ് പി ബാലസുബ്രഹ്മണ്യം നേതൃത്വം നൽകിയിരുന്നു എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. ഗിത്താറും കൊട്ടുവാദ്യവുമായിരുന്നു ഈ സംഘത്തിൽ ഇളയരാജയുടെ ഐറ്റങ്ങൾ. ഈ ട്രൂപ്പും ഇയളരാജയുമായുളള ബന്ധവും വർഷങ്ങളോളം തുടർന്നു. ഇരുവരും തമ്മിലുളള ആത്മബന്ധത്തിന് ഒരിക്കലും പോറലേറ്റിരുന്നില്ല.

സംഗീത ലോകത്തെ മറ്റൊരു അത്ഭുതമായ എ ആർ റഹ്മാനുമായും എസ് പി ബിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എ ആർ റഹ്മാനുവേണ്ടി ഏറ്റവുമധികം ഗാനങ്ങൾ റെക്കോഡ് ചെയ്ത ഗായകനും എസ് പി ബാലസുബ്രഹ്മണ്യമാണ്.റഹ്മാന്റെ ആദ്യ സിനിമ മുതൽ തുടങ്ങിയതാണ് ആ ബന്ധം. എസ് പിക്ക് കലൈമാമണി പുരസ്കാരം ലഭിച്ചത് റഹ്മാന്റെ സംഗീതത്തിൽ പിറന്ന ഗാനത്തിനായിരുന്നു.

റെക്കോഡുകളുടെ കളിത്തോഴൻ എന്ന വിശേഷണത്തിന് യാേജിക്കുന്ന സംഗീതജ്ഞൻ എസ് പി ബി മാത്രമാണ്. കന്നട സംവിധായൻ ഉപേന്ദ്രകുമാറിന് വേണ്ടി 12 മണിക്കൂറിൽ 21 ഗാനങ്ങൾ റെക്കോർഡ് ചെയ്ത് എസ് പി ബി ചരിത്രത്തിൽ ഇടംനേടി. 1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മണിയ്ക്കും രാത്രി ഒമ്പത് മണിയ്ക്കും ഇടയിൽ ആയിരുന്നു മറ്റൊരു ഗായകനും അവകാശപ്പെടാൻ കഴിയാത്ത ആ അത്ഭുത നേട്ടം എസ്.പി ബാലസുബ്രഹ്മണ്യം കൈവരിച്ചത്. ഹിന്ദിയിൽ ഒരു ദിവസം 16 ഗാനങ്ങളും തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.

ഒരു രോഗമാണ് എസ് പി ബി എന്ന മഹാനായ ഗായകനെ ഇന്ത്യൻ സംഗീതത്തിന് സമ്മാനിച്ചത്. വീട്ടുകാർ അദ്ദേഹത്തെ എൻജിനീയറിംഗ് പഠിക്കാൻ വിട്ടു. പക്ഷേ, ഇടയ്കുവച്ച് ടെൈഫോയിഡ് പിടിപെട്ടതോടെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്നാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്.

സംഗീത ലോകത്ത് പകരക്കാരനില്ലാതെ വിലസുമ്പാേഴും അഭിനയരംഗത്തും എസ് പി ബി ഒരു കൈനോക്കി. സിനിമകൾക്ക് പുറമേ രണ്ട് തമിഴ് സീരിയലുകളിലും ഒരു തെലുങ്ക് സീരിയലിലും അദ്ദേഹം വേഷമിട്ടു. പ്രേക്ഷക ശ്രദ്ധ ഏറെ നേടിക്കൊടുത്ത വേഷമായിരുന്നു ഇവ.