rip-spb

ആലാപനത്തിലൂടെ മനുഷ്യ മനസിലും ജീവിതത്തിലും ഇത്രയധികം സന്തോഷം പകരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് എസ്.പി.ബി എന്ന എസ്.പി ബാലസുബ്രഹ്മണ്യം മാത്രമാണ്. എസ്.പി.ബിയുടെ പാട്ടിന്റെ മോഡുലേഷൻ, ഉച്ചാരണം, സൂക്ഷ്മത, ഊ‌ർജ്ജം എന്നിവയിലെ വ്യക്തത സംഗീത രചനകളെ ഇതിഹാസ ഗാനങ്ങളായി ഉയർത്തി. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ സമാനതകളില്ലാത്ത മൂന്നക്ഷരമാണ് എസ്.പി.ബി മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനായ എസ്.പി.ബി തന്റെ ഗാനങ്ങളിലൂടെ തെന്നിന്ത്യൻ ഭാഷകളിൽ സ്വന്തമായ ഇരിപ്പിടം കണ്ടെത്തി.


1966ൽ ശ്രീ ശ്രീ മര്യാദ രാമണ്ണയെന്ന തെലുങ്ക് ചിത്രത്തിൽ പാട്ടു പാടി തുടങ്ങിയ എസ്.പി.ബി ഇന്ത്യൻ സിനിമയിൽ കൈകാര്യം ചെയ്യാത്ത ഭാഷകൾ കുറവാണ്. ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നാൽപ്പതിനായിരത്തിലധികം പാട്ടുകൾ പാടിയ അദ്ദേഹത്തിന്റെ ശബ്‌ദം തലമുറകളിലൂടെ സഞ്ചരിച്ചു. കെ.വി മഹാദേവൻ, എം.എസ്. വിശ്വനാഥൻ, ഇളയരാജ, എ.ആർ റഹ്മാൻ, വിദ്യാസാഗർ തുടങ്ങി ആരുടെ പാട്ടായാലും അത് മനോഹരമായി പാടാനുളള കഴിവ് എസ്.പി.ബി എന്ന മഹാപ്രതിഭയ്‌ക്കുണ്ട്.


അദ്ദേഹത്തിന്റെ പാട്ടുകൾ ശ്രോതാവിന് സന്തോഷവും പ്രണയവും വിഷാദവും സമ്മാനിച്ചു. 1969ലാണ് എസ്.പി ബാലസുബ്രഹ്മണ്യം തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. സ്വര വൈദഗ്ധ്യത്താൽ, എല്ലാ പാട്ടുകളും അനായാസമായി പാടാൻ കഴിയുന്ന പ്രതിഭയാണ് എസ്.പി.ബി. കോളേജ് സുഹൃത്തുകളിലൊരാൾ ഒരു ലളിതഗാന മത്സരത്തിൽ തന്റെ പേര് നൽകിയപ്പോൾ അദ്ദേഹത്തിന്റെ വിസ്മയകരമായ ശബ്ദം ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയെ ഭരിക്കുമെന്ന് ആ സുഹൃത്ത് പോലും കരുതിയിരുന്നില്ല.


ലളിതഗാനമത്സരത്തിൽ എസ്.പി.ബി വിജയിച്ചതോടെ സംഗീത മത്സരങ്ങളിൽ അദ്ദേഹം പങ്കെടുക്കാൻ ആരംഭിച്ചു. അത്തരമൊരു മത്സരത്തിൽ അദ്ദേഹത്തെ സംഗീത സംവിധായകൻ എസ്.പി കോദണ്ഡപാണി കാണുകയും ഒരു ഓഡീഷനിൽ അദ്ദേഹത്തോട് പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ആ ഓഡീഷനിലേക്കുളള വിളിയാണ് എസ്.പി.ബി എന്ന ഗായകന് സിനിമാ സംഗീത രംഗത്തേക്ക് വാതിലുകൾ തുറന്നിട്ടത്. അതോടെ തമിഴ് ചലച്ചിത്ര സംഗീതം എസ്.പി.ബിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.


ശ്രീ ശ്രീ മര്യാദ രാമണ്ണയിലെ അദ്ദേഹത്തിന്റെ ആദ്യ ഗാനം തന്നെ ജനപ്രിയമായി. ഒപ്പം പുതിയ ശബ്‌ദം തേടുന്ന സംഗീതസംവിധായകർക്ക് അദ്ദേഹം ആദ്യ ചോയ്സായി. ശാസ്ത്രീയ സംഗീതത്തിൽ നിപുണനല്ലെങ്കിലും ശങ്കരാഭരണം തുടങ്ങി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇതിഹാസമായി മാറി. ശങ്കരഭരണത്തിലെ ശാസ്ത്രീയ സംഗീത മികവിന് അദ്ദേഹത്തെ തേടി ദേശീയ അവാർഡും എത്തി.


ഗാനങ്ങളിലൂടെ ശക്തമായി വിഷാദവും പ്രണയവും അവതരിപ്പിക്കുന്ന എസ്.പി.ബിയുടെ ശബ്‌ദം നിത്യഹരിതമാണ്. ‘അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’ എന്ന ഗാനം അദ്ദേഹം അവതരിപ്പിക്കുന്ന ശൈലി ശ്രോതാവിന്റെ കണ്ണു നനയിക്കും. 'മണ്ണിൽ ഇന്ത കാതൽ അൻട്രി' ഒരൊറ്റ ശ്വാസത്തിലാണ് അദ്ദേഹം ആലപിച്ച് റെക്കോഡിട്ടത്. 'മാങ്കുയിലേ പൂങ്കുയിലേ' എന്ന ഗാനത്തിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ മോഡുലേഷനുകൾ സിനിമാറ്റിക് സാഹചര്യവും കഥാപാത്രവും ആവശ്യപ്പെടുന്നതായിരുന്നു.


'മാങ്കുയിലേ പൂങ്കുയിലേ’, ‘അഞ്ജലി അഞ്ജലി പുഷ്പഞ്ജലി’ പോലുള്ള ഗാനങ്ങളിൽ, പിച്ചിലെ അതിസൂക്ഷ്‌മമായ വ്യതിയാനങ്ങൾ പോലും എസ്‌.പി‌.ബി അനായാസം പാടി ശ്രോതാക്കൾക്ക് ഇടയിലേക്ക് വൈകാരികത കടത്തിവിട്ടു. അദ്ദേഹത്തിന്റെ ഫാസ്‌റ്റ് നമ്പറുകളായ ‘എങ്കേയും എപ്പോതും’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങൾ എക്കാലത്തും ഓർമ്മിക്കപ്പെടും.


2016ലെ ഒരു ഫേസ്ബുക്ക് കുറിപ്പിൽ 1966ലെ തന്റെ ആദ്യ ഗാനം പരാമർശിച്ച് 50 വർഷത്തെ സംഗീത യാത്രയെ ഏതാനും വരികളിലൂടെ എസ്‌.പി‌.ബി അനുസ്‌മരിച്ചു. “ഈ അമ്പത് വർഷക്കാലം എന്നെ സംഗീതപരമായി സഞ്ചരിക്കാൻ പ്രേരിപ്പിച്ച ദശലക്ഷക്കണക്കിന് ആളുകളുണ്ട്. എല്ലാവർക്കും നന്ദി പറയാൻ ഈ ജനനം പര്യാപ്തമല്ല. എപ്പോഴും നിങ്ങളുടേതാണ്, നന്ദി… ”അദ്ദേഹം കുറിച്ചു.