museum-of-dogs

വളർത്തുനായ്ക്കളെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കാണുന്നവർ ധാരാളമാണ്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള അഭേദ്യ ബന്ധത്തിന് 33000 വർഷം പഴക്കമുണ്ടെന്നാണ് ഡി.എൻ.എ പഠനം വ്യക്തമാക്കുന്നത്. മനുഷ്യരോട് സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുന്ന നായ്ക്കളുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ധാരാളമായി കാണാൻ കഴിയും. അടുത്തിടെ, ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ തന്റെ കുഞ്ഞുകൂട്ടുകാരി ധനുഷ്കയെ തിരഞ്ഞ് നടന്ന കുവിയെന്ന നായയും ഇതേ സ്നേഹബന്ധം തന്നെയാണ് നമ്മെ ഓർമ്മിപ്പിച്ചത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്നും കൂടെ നിൽക്കുന്ന നായ്ക്കൾക്കായി തയ്യാറാക്കിയിരിക്കുന്ന മ്യൂസിയത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിലെ ന്യൂയോർക്കിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ കെന്നൽ ക്ലബ് മ്യൂസിയം ഒഫ് ദ ഡോഗ്സ് പൂർണ്ണമായും നായ്ക്കൾക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന മ്യൂസിയമാണിത്.

1982 ൽ ന്യൂയോർക്കിലെ നഗരപ്രദേശത്തായിരുന്നു മ്യൂസിയം ആരംഭിച്ചത്. പിന്നീട് മാൻഹട്ടനിലെ പാർക്ക് അവന്യൂവിൽ ഇന്നു കാണുന്ന രീതിയിൽ പ്രവർത്തനം ആരംഭിച്ചു. പുസ്തകങ്ങളും എഴുത്തുകളും ശില്പങ്ങളും അങ്ങനെ നായ്ക്കളെക്കുറിച്ചുള്ള എന്തും ഇവിടെ കാണാം.

റോമൻ ചക്രവർത്തിയുടെ കാലത്ത് കളിമണ്ണിൽ നിർമ്മിക്കപ്പെട്ട നായയുടെ പാദത്തിന്റെ രൂപവും വിക്ടോറിയൻ കാലഘ‌‌ട്ടത്തിലെ നായ്ക്കൾ വലിക്കുന്ന വണ്ടിയുടെ രൂപവുമെല്ലാം ഈ ചരിത്രമ്യൂസിയത്തിൽ കാണാൻ കഴിയും. 200 ഓളം ബ്രീഡുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ ചുവരുകളിൽ ജീവനുള്ള നായ്ക്കളെ വെല്ലുന്ന തരത്തിലുള്ള പ്രതിമകളും ശില്പങ്ങളും ധാരാളമായുണ്ട്.

മ്യൂസിയത്തിന്റെ ഒരു ഭാഗം അമേരിക്കൻ കെന്നൽ ക്ലബ് ടിവിയുടെ സ്റ്റുഡിയോ ആയിട്ടാണ് പ്രവർത്തിക്കുന്നത്. നായ്ക്കളെക്കുറിച്ചുള്ള പുസ്തകങ്ങളുടെ അപൂർവ്വ ശേഖരം തന്നെ ഇവിടെയുണ്ട്. ഏകദേശം 42,000ൽ അധികം പുസ്തകങ്ങളാണ് മ്യൂസിയത്തിന്റെ പിൻഭാഗത്തെ ലൈബ്രറിയിൽ സൂക്ഷിക്കുന്നത്.