home-stay

കോട്ടയം: കള്ളനോട്ട് അച്ചടിച്ചതിന് ഇന്നലെ തിരുവല്ല പൊലീസിന്റെ പിടിയിലായ സജി കൂട്ടാളികളുമായി ചേര്‍ന്ന് കോട്ടയത്ത് ഫ്ളാറ്റ് കേന്ദ്രീകരിച്ച് നോട്ടടിച്ച് വിതരണം ചെയ്തു. ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ നോട്ട് അടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, പെന്‍ഡ്രൈവ്, നോട്ട് അടിച്ച പേപ്പറന്റെ മുറിച്ച ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപ്പറമ്പില്‍ എം.സജിയാണ് (38) അറസ്റ്റിലായത്. സജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പത്തംഗ സംഘമാണ് നോട്ടടിച്ചതെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോംസ്റ്റേകളിലും ഫ്ളാറ്റുകളിലും താമസിച്ചാണ് ഇവര്‍ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തിരുന്നതെന്ന് അറിവായിട്ടുണ്ട്. 200, 500, 2,000 രൂപയുടെ നോട്ടുകളാണ് അച്ചടിച്ച് വിതരണം ചെയ്തിരിക്കുന്നത്. സംശയം തോന്നാതിരിക്കാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുമായിട്ടാണ് ഹോംസ്റ്റേകളും ഫ്ളാറ്റുകളും വാടകയ്ക്ക് എടുക്കുന്നത്.

അറസ്റ്റിലായ സജിയുടെ പുതൃസഹോദര പുത്രന്‍ കാഞ്ഞാങ്ങാട് സ്വദേശി ഷിബുവാണ് സംഘനേതാവെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടയം നാഗമ്പടത്തുള്ള ഒരു വാഹന സര്‍വീസ് കേന്ദ്രത്തില്‍നിന്നാണ് തിരുവല്ല ഡിവൈ.എസ്.പി പി.ടി രാജപ്പനും സംഘവും സജിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് ഫ്ളാറ്റില്‍ റെയ്ഡ് നടത്തിയത്. ഇവര്‍ എത്തുന്നതിന് ഏതാനും മിനിട്ടുകള്‍ക്കു മുമ്പ് ഷിബു കടന്നുകളഞ്ഞിരുന്നു. ഷിബുവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയില്‍ സ്ത്രീകളും കുട്ടികള്‍ക്കുമൊപ്പമാണ് ലോക്ക്ഡൗണ്‍ കാലത്ത് സംഘം എത്തിയത്. ഇടയ്ക്ക് ഇവര്‍ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പുറത്തുപോവും. രണ്ടും മൂന്നും ആഴ്ചകള്‍ക്കുശേഷം വീണ്ടുമെത്തും. സെപ്തംബര്‍ അഞ്ചിനാണ് അവസാനം ഇവര്‍ ഹോംസ്റ്റേയില്‍ വന്നുപോയത്.

ഇവര്‍ പോയിക്കഴിഞ്ഞ് മുറി വൃത്തിയാക്കാന്‍ എത്തിയവരാണ് കള്ളനോട്ടിന്റെ പേപ്പറിന്റെ മുറിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹോംസ്റ്റേ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമ പൊലീസിനെ വിവരം അറിയിച്ചു. അവര്‍ എത്തി പരിശോധിച്ചപ്പോള്‍ അച്ചടിച്ച കള്ളനോട്ടിന്റെ അവശിഷ്ടങ്ങളാണെന്ന് മനസിലാക്കി. ഇതേ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയത്.

നോട്ടിന്റെ മാതൃകയില്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്ത് പെന്‍ഡ്രൈവിലാക്കും. തുടര്‍ന്ന് രാത്രിയിലാണ് ഇത് പ്രിന്റ് ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള പേപ്പറുകളാണ് ഉപയോഗിക്കുന്നത്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.