ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് വലിയൊരു നഷ്‌ടമാണ് എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ വേർപാട്. തമിഴ്,തെലുങ്ക്, മലയാളം, ഹിന്ദി ഇങ്ങനെ നിരവധി ഭാഷകളിൽ ഏവരുടെയും ചുണ്ടിൽ തത്തിക്കളിക്കുന്ന നിരവധി മനോഹര ഗാനങ്ങൾ എസ്.പി.ബി നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എസ്.പി.ബിയ്ക്കൊപ്പം നിരവധി അനശ്വര ഗാനങ്ങൾ ആലപിച്ചിട്ടുളള ഗായിക കെ.എസ് ചിത്ര അദ്ദേഹത്തിന്റെ വേർപാടിൽ ലഘുവും ഹൃദ്യവുമായ ഒരു കുറിപ്പ് എഴുതി. 'ഒരു യുഗം അവസാനിച്ചു, സംഗീതം ഇനി പഴയതുപോലെയാകില്ല, ലോകം ഇനി പഴയതുപോലെയാകില്ല. കൂടുതൽ മെച്ചപ്പെട്ട ഗായികയാകാൻ എന്നെ വഴി നയിച്ച അദ്ദേഹത്തിന് നന്ദി പറയുന്നു. അങ്ങയുടെ സൗമ്യവും ഗംഭീരവുമായ സാന്നിധ്യമില്ലാത്ത ഒരു സംഗീത പരിപാടിയെ കുറിച്ച് ചിന്തിക്കാനാകില്ല.' അദ്ദേഹത്തിന്റെ ഭാര്യയായ സാവിത്രിയ്‌ക്കും മകനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ദുഖത്തിൽ പങ്കു ചേരുന്നതായും ചിത്ര കുറിച്ചു.
1986ൽ കമൽഹാസൻ നായകനായ 'പുന്നഗൈമന്നൻ' ചിത്രത്തിലെ ഇളയരാജ സംഗീതമേകിയ 'സിംഗളത്ത് ചിന്നകുയിലേ..' എന്ന ഗാനത്തിലൂടെയാണ് എസ്.പി.ബിയും ചിത്രയും ആദ്യമായി ഒരുമിച്ച് പാടുന്നത്. പിന്നീടിങ്ങോട്ട് പല സംഗീത സംവിധായകർക്ക് കീഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ അവർ ഇരുവരും ആരാധക ലോകത്തിന് നൽകി.
ഒരു പിടി മനോഹര ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായിട്ടുണ്ട്. റഹ്‌മാൻ നായകനായ ഇളയരാജ സംഗീതസംവിധാനം ചെയ്‌ത ഗുരുവായൂരപ്പാ..ഗുരുവായൂരപ്പ എന്ന ഗാനവും എങ്കിരുന്തോ വന്താൻ എന്ന ചിത്രത്തിലെ നിലാവേ വാ, ഗീതാഞ്ജലിയിലെ ഓ പ്രിയാ..പ്രിയാ.. രജനീകാന്ത് ചിത്രമായ അണ്ണാമലൈയിലെ അണ്ണാമലൈ, പ്രഭു നായകനായ ഡ്യുവറ്റിലെ അഞ്ജലീ..അഞ്ജലീ, എൻ കാതലേ എൻ കാതലേ, റോജയിലെ കാതൽ റോജാവേ, ഇങ്ങനെ ഒരുപിടി തമിഴ്, തെലുങ്ക് ഗാനങ്ങളും മലയാളത്തിൽ 'അനശ്വര'ത്തിലെ 'താരാപഥം ചേതോഹരം' കിലുക്കത്തിൽ എം.ജി ശ്രീകുമാറും, എസ്.പി.ബിയും ചിത്രയും ചേർന്ന് ആലപിച്ച 'ഊട്ടിപ്പട്ടണം..' വലിയ ഹിറ്റായിരുന്നു.
കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ മടങ്ങിവരവിനായി ചിത്രയുൾപ്പടെ ഗായകരും മറ്റ് ചലച്ചിത്ര പ്രമുഖരും പ്രാർത്ഥന നടത്തിയെങ്കിലും ആ പ്രാർത്ഥനകൾ വിഫലമായി എസ്‌പിബി മടങ്ങി.