സംഗീത ലോകത്തിന് എന്നും അത്ഭുതമാണ് എസ് പി ബാലസുബ്രഹ്മണ്യം. പകരം വയക്കാൻ മറ്റൊരാളില്ലാത്ത വ്യക്തിത്വം. പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർന്നെങ്കിലും എളിമ അദ്ദേഹം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. യേശുദാസുമായുളള ബന്ധത്തിന്റെ കാര്യംതന്നെ ഏറ്റവുംനല്ല ഉദാഹരണം. അവാർഡുകളുടെയും പാട്ടുകളുടെ എണ്ണത്തിന്റെയും കാര്യത്തിൽ യേശുദാസിനെക്കാൾ ഒരു പടി മുന്നിലാണ് എസ് പി ബിയുടെ സ്ഥാനം. പക്ഷേ, തന്നെ യേശുദാസുമായി താരതമ്യം ചെയ്യാൻ അദ്ദേഹം ഒരിക്കലും മുതിർന്നിരുന്നില്ല. ശാസ്ത്രീയ സംഗീതവും സിനിമാസംഗീതവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഒരു മൂത്ത ജ്യേഷ്ഠനെന്ന സ്ഥാനമാണ് യേശുദാസിന് എസ് പി ബി നൽകിയിരുന്നത്. അതുകൊണ്ടാണ് താരതമ്യത്തിന് അദ്ദേഹം മുതിരാത്തത്. പ്രായംകൊണ്ടും ജ്യേഷ്ഠന്റെ സ്ഥാനമാണ് അദ്ദേഹം യേശുദാസിന് നൽകിയിരുന്നത്.
സിനിമയിൽ സുവർണജൂബിലി തികച്ചപ്പോൾ യേശുദാസിന് ഒരുമടിയും കൂടാതെ പാദപൂജ അർപ്പിക്കാൻ അദ്ദേഹം തയ്യാറായതും ഇക്കാരണങ്ങളാൽ തന്നെ. തന്റെ ഗുരുദക്ഷിണ എന്നാണ് എസ് പി ബി പാദപൂജയെ വിശേഷിപ്പിച്ചത്. താൻ ഏറ്റവും ബഹുമാനിക്കുന്ന സംഗീതജ്ഞനാണ് യേശുദാസ് എന്ന് തുറന്നുപറയാനും അദ്ദേഹം മടികാണിച്ചില്ല. 1960-കളുടെ ഒടുവിലാണ് താൻ ആദ്യമായി യേശുദാസിനെ കാണുന്നതും ആ ശബ്ദം ആസ്വദിക്കുന്നതെന്നും എസ് പി ബി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരിക്കൽ എസ് പി ബിയെ സംഗീതം പഠിപ്പിക്കാമെന്ന് യേശുദാസ് പറഞ്ഞു. ശാസ്ത്രീയമായി കർണാടക സംഗീതം പഠിക്കാൻ അവസരം ലഭിക്കാത്ത അദ്ദേഹം ഈ വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. പക്ഷേ, പഠനം മാത്രം നടന്നില്ല. ഒരു സ്റ്റുഡിയോയിൽ നിന്ന് മറ്റൊരു സ്റ്റുഡിയേക്ക് പാറിനടന്നിരുന്ന അദ്ദേഹത്തിന് യേശുദാസിന്റെ ശിക്ഷ്യത്വം സ്വീകരിക്കാൻ നേരം കിട്ടിയില്ല. എല്ലാത്തിനും ഒരു യോഗം വേണം. അത് എനിക്കില്ലാതെപോയി എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പിന്നീട് പറഞ്ഞത്.
ശാസ്ത്രീയ സംഗീതം പഠിക്കാത്ത ഒരാളാണ് ശങ്കരാഭരണത്തിലെ പാട്ടുപാടിയതെന്ന് പറഞ്ഞാൽ സമ്മതിക്കാൻ ആരും ഒന്നും സംശയിക്കും. കർണാടക സംഗീതത്തിന് പ്രാമുഖ്യമുള്ളതിനാൽ ബാലമുരളീകൃഷ്ണയെക്കൊണ്ട് ചിത്രത്തിലെ ഗാനങ്ങൾ പാടിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീടാണ് എസ് പി ബിയെക്കൊണ്ട് പാടിക്കാമെന്ന് തീരുമാനം മാറ്റിയത്. സിനിമയുടെ കഥയും പശ്ചാത്തലവും അറിഞ്ഞതോടെ തന്നെക്കൊണ്ട് പറ്റില്ലെന്നും ഒഴിവാക്കിത്തരണമെന്നും അപേക്ഷിച്ചു. കർണാടകസംഗീതം ശാസ്ത്രീയമായി പഠിക്കാത്തതായിരുന്നു കാരണം. ഒടുവിൽ സംഗീതസംവിധായകനായ കെ.വി. മഹാദേവനും സഹായി പുകഴേന്തിയും ആത്മവിശ്വാസം നൽകിയതോടെ എസ് പി തന്നെ പാടി. കർണാടക സംഗീതത്തിൽ ഏറെ അവഗാഹമുളളവർപോലും ആ ഗാനങ്ങൾ കേട്ട് വാപൊളിച്ചു. ആ വർഷത്തെ മികച്ച ഗായകനുള്ള ദേശീയപുരസ്കാരവും ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെ അദ്ദേഹം നേടി.