spb

ഏഴ് തലമുറ ഏറ്റുപാടും

ചുരുക്കം ചില മഹാകലാകാരന്മാർക്ക് മാത്രമാണ് തങ്ങളുടെ പ്രതിഭയ്ക്ക് ഉതകുന്ന പേരും പുകഴും ജീവിച്ചിരിക്കുന്ന കാലത്ത് കിട്ടുകയുള്ളൂ. അത്തരത്തിൽ ഭാഗ്യം ലഭിച്ചവയാളാണ് എന്റെ കൂടെപ്പിറക്കാത്ത സഹോദരനായ അണ്ണൻ എസ്.പി.ബി. അദ്ദേഹത്തെ സ്നേഹ മഴയിൽ നനച്ച് യാത്രയാക്കുന്ന അദ്ദേഹത്തിന്റെ മുഴുവൻ ആരാധകർക്കും അവരിൽ ഒരാളായ എന്റെ മനം നിറഞ്ഞ നന്ദി അറിയിക്കുന്നു. അദ്ദേഹം നനഞ്ഞ ആ മഴയിൽ ചില തുള്ളികൾ നനയാനായി എനിക്ക് അവസരം തന്ന അണ്ണന് നന്ദി. ആ ശബ്ദ മാധുര്യത്തിൽ ഒരു ചെറിയ നിഴലായി നിൽക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. പല ഭാഷകളിലെ നാലു തലമുറയിലെ നായകന്മാരുടെ ശബ്ദമായി മാറിയ അണ്ണന്റെ പ്രശസ്തി ഏഴു തലമുറ ഏറ്റുപാടും.

എസ്.പി.ബിക്ക് വലിപ്പച്ചെറുപ്പമില്ല-രജനീകാന്ത്

വളരെ ദുഃഖം നിറഞ്ഞ ദിവസമാണ്. അവസാന നിമിഷം വരെ ജീവനു വേണ്ടി പോരാടി പ്രിയപ്പെട്ട എസ്.പി.ബി നമ്മെ വിട്ടു പിരിഞ്ഞുപോയി. അദ്ദേഹത്തിന്റെ വേർപാട് അതീവ ദുഃഖം നിറഞ്ഞതും അപ്രതീക്ഷിതവുമാണ്. എസ്.പി.ബി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ചത് മാസ്മരികമായ തന്റെ ശബ്ദത്തോടൊപ്പം എല്ലാവരെയും വലിപ്പച്ചെറുപ്പമില്ലാതെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനുമുള്ള മനസു കാെണ്ടുകൂടിയാണ്. ഇന്ത്യൻ സിനിമാ ലോകത്തിൽ മുഹമ്മദ് റഫി, കിഷോർകുമാർ, ടി.എം. സൗന്ദർരാജൻ തുടങ്ങി നിരവധി മികച്ച ഗായകരുണ്ടായിട്ടുണ്ട്. അവർക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത എസ്.പി.ബിക്കുണ്ട്. അവരെല്ലാം തങ്ങളുടെ ഭാഷകളിൽ മാത്രമാണ് ഗാനം ആലപിച്ചത്. എന്നാൽ, എസ്.പി.ബി സർ എല്ലാ ഭാഷയിലും ഗാനം ആലപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ എല്ലാ ഭാഗത്തും അദ്ദേഹത്തിന് ആരാധകരുമുണ്ട്. പ്രത്യേകിച്ച് തെന്നിന്ത്യയിൽ. അദ്ദേഹത്തിന്റെ ശബ്ദമാധുര്യം നൂറു വർഷങ്ങൾ കഴിഞ്ഞാലും നിലനിൽക്കും. എന്നാൽ, ശരീരസാന്നിദ്ധ്യമായി ഇനി താങ്കൾ ഞങ്ങൾക്കൊപ്പമില്ല എന്നത് വേദനാജനകമായ കാര്യമാണ്. ഒരു മികച്ച ഗായകൻ, മനുഷ്യൻ, മഹാത്മാവ്. താങ്കളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു.

ബാലു സാറിനെ മറക്കാനാവില്ല - കെ.എസ് ചിത്ര

ഒരു യുഗം അവസാനിച്ചു. സംഗീതം ഒരിക്കലും ഒരുപോലെയാകില്ല. ലോകം ഒരിക്കലും ഒരുപോലെയാകണമെന്നില്ല. പക്ഷേ എന്നിലെ ഗായികയെ മികച്ചതാക്കി മാറ്റാൻ ബാലു സാർ നൽകിയ മാർഗനിർദ്ദേശങ്ങൾക്ക് നന്ദി. താങ്കളുടെ സാന്നിദ്ധ്യമില്ലാതെ ഒരു സംഗീതമേളയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. സാവിത്രി അമ്മയ്ക്കും ചരണിനും പല്ലവിക്കും കുടുംബത്തിനും ഈ വേർപാട് താങ്ങാനുള്ള കരുത്തുണ്ടാകട്ടെയെന്ന പ്രാർത്ഥനകളോടെ.

ഞങ്ങളുടെ വല്യേട്ടൻ-സുജാത മോഹൻ

ഒരു യുഗത്തിന്റെ അവസാനം. ബാലു സർ ഞങ്ങൾ ഗായകരുടെ വല്യേട്ടനായിരുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ സംഗീതമുള്ളിടത്തോളം കാലം അങ്ങും ജീവിക്കും.

പാട്ടുകളിലൂടെ ബാലു അണ്ണൻ ജീവിക്കും-എം.ജി ശ്രീകുമാർ

ബാലു അണ്ണൻ നമ്മളെ വിട്ടു പോയി. ഒരുപാട് ദുഃഖമുണ്ട്. വളരെ നല്ല മനസിനുടമയായിരുന്നു. ഈ ലോകം അവസാനിക്കുന്നതുവരെ ബാലു അണ്ണൻ പാടിയ പാട്ടിലൂടെ ജീവിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.