life-mission

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ കേസെടുത്തു. ഇതുസംബന്ധിച്ച് സി.ബി.ഐ കൊച്ചി പ്രത്യേക കോടതിയിൽ റിപ്പോർട്ട് നൽകി. എഫ്.സി.ആർ.എ പ്രകാരമാണ് കേസ്. നിലവിൽ ആരേയും പ്രതിചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. രേഖകൾ ഉൾപ്പടെ പിടിച്ചെടുക്കാൻ വരുംദിവസങ്ങളിൽ ലൈഫ് മിഷൻ ഓഫീസിൽ സി.ബി.ഐ റെയ്‌ഡും നടന്നേക്കാം. സ്വപ്‌ന സുരേഷ് അടക്കമുളള വ്യക്തികളെ സി.ബി.ഐ ചോദ്യം ചെയ്യാനുളള സാദ്ധ്യതയേറെയാണ്.

സ്വർണക്കടത്തിന് പിന്നാലെ മറ്റൊരു കേസിൽ കൂടി കേന്ദ്ര ഏജൻസിയുടെ അന്വേഷണം സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയക്‌ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂണിടാക്ക് എം.ഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ആരോപണം നേരിടുന്ന സംഭവത്തിൽ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു.