ഡെറാഡൂൺ : കൊവിഡ് ഭയപ്പാടിൽ മാനുഷിക മൂല്യങ്ങൾ മറക്കുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലും കാണാനാവുന്നത്. ഉത്തരാഖണ്ഡിൽ ഒരു വീട്ടമ്മയ്ക്കുണ്ടായ അനുഭവം ദയനീയമാണ്. മരണപ്പെട്ട ഭർത്താവിന്റെ മൃതദേഹം വാടക വീട്ടിൽ കൊണ്ടുവന്ന് അന്ത്യകർമ്മങ്ങൾ നടത്താൻ വീട്ടുടമസ്ഥൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് യുവതി ഒരു രാത്രി ഒറ്റയ്ക്ക് ശ്മശാനത്തിൽ കഴിയേണ്ടിവന്നു. ഉത്തർ പ്രദേശിലെ ബനാറസിൽ നിന്നും ഉത്തരാഖണ്ഡിലെത്തിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവരുടെ ഭർത്താവ് മഹേന്ദർ സിംഗിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുടമസ്ഥന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു,
എന്നാൽ മഹേന്ദറിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ ശ്രമങ്ങൾക്കായില്ല. ഭർത്താവ് മരണപ്പെട്ടപ്പോൾ വാടക വീട്ടിലേക്ക് തിരികെ കൊണ്ട് വന്ന് അന്ത്യകർമ്മങ്ങൾ നടത്താനാണ് യുവതി ശ്രമിച്ചത്. എന്നാൽ വീട്ടുടമ അതിന് അനുവാദം നൽകിയില്ല. തുടർന്ന് ഒരു രാത്രി മുഴുവൻ യുവതി ഭർത്താവിന്റെ മൃതദേഹവുമായി ശ്മശാനത്തിൽ കഴിയേണ്ടി വന്നു. മഹേന്ദർ സിംഗിന്റെ ബന്ധുക്കൾ പിറ്റേ ദിവസമെത്തിയ ശേഷമാണ് ശവസംസ്‌കാരം നടത്തിയത്.