spb-and-salman-khan

ഇന്ന് ബോളിവുഡിലെ മുടിചൂടാമന്നനായി അരങ്ങ് വാഴുന്ന സൽമാൻ ഖാനെന്ന നടനെ 90കളിൽ ആരാധകരുടെ മനസിലെ റൊമാന്റിക് ഹീറോയാക്കി പ്രതിഷ്ഠ നേടിക്കൊടുത്തതിൽ എസ്.പി. ബാലസുബ്രഹ്‌മണ്യം ആലപിച്ച ഗാനങ്ങൾ വലിയ പങ്കാണ് വഹിച്ചത്. സാജൻ, മെയ്നെ പ്യാർ കിയാ, ഹം ആപ് കെ ഹെ കോൻ... ഇവയിലെ ഇന്നും യുവത്വം തുടിക്കുന്ന ഗാനങ്ങൾ തന്നെ എസ്.പി.ബി എന്ന മഹാപ്രതിഭയെ ബോളിവുഡിന് നെഞ്ചിലേറ്റാൻ ധാരാളം.

ഒരുകാലത്ത് ബോളിവുഡിൽ സൽമാൻ ഖാന്റെ ശബ്ദമായാണ് എസ്.പി.ബി അറിയപ്പെട്ടിരുന്നത്. 80കളിലും 90കളിലും റൊമാന്റിക് ഹീറോയായി സ്ക്രീനിൽ അവതരിച്ച സൽമാൻ ഖാന്റെ ഗാനങ്ങൾക്ക് എസ്.പി.ബി ജീവൻ പകർന്നു. മെയ്നെ പ്യാർ കിയാ, ഹം ആപ്കെ ഹെ കോൻ എന്നിവ സൂരജ് ബർജാത്യ ആയിരുന്നു സംവിധാനം ചെയ്തത്. സൽമാന്റെ ശബ്ദമായി എസ്.പി.ബിയെ കൊണ്ടു വന്നത് ഇദ്ദേഹമാണ്. മെയ്നെ പ്യാർ കിയാ തന്നെയായിരുന്നു ഇക്കൂട്ടത്തിൽ അന്നും ഇന്നും വമ്പൻ ഹിറ്റ്. ' ആതെ ജാതേ', ' മേരെ രംഗ് മേം ', ' കബൂത്തർ ജാ ജാ ' തുടങ്ങിയ ഗാനങ്ങളെ കടത്തിവെട്ടാൻ ഇന്നും അസാധ്യം.

' സാഥിയാ തൂനേ ക്യാ കിയാ....' മലയാളികളുടെ പ്രിയ നടി രേവതിയും സൽമാനും ഒന്നിച്ച ' ലവ് ( 1991 )' എന്ന ചിത്രത്തിലെ പ്രണയാതുരമായ മെലഡി ആലപിക്കാൻ എസ്.പി.ബിയ്ക്കൊപ്പം കെ.എസ് ചിത്രയുമുണ്ടായിരുന്നു. 1991ൽ പുറത്തിറങ്ങിയ ലോറൻസ് ഡിസൂസ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ സാജനും എസ്.പി.ബിയുടെ കരിയറിൽ എടുത്തു പറയേണ്ട ഒന്നാണ്. മെയ്നേ പ്യാർ കിയായിലെ സൽമാൻ ഖാനെ തന്നെയാണ് സാജനിലും കാണുന്നത്. എന്നാൽ ഗാന രംഗങ്ങളിൽ സൽമാനെ വേറിട്ടതാക്കിയത് എസ്.പി.ബിയുടെ ശബ്ദമാണ്.

' തുംസെ മിൽനെ കി തമന്നാ ഹെ' എന്ന ഒറ്റ ഗാനം കൊണ്ടാണ് എസ്.പി.ബി പ്രേക്ഷക മനസിനെ അമ്മാനമാടിയത്. 90 കളിൽ എവിടെയും ഈ പാട്ടായിരുന്നു ട്രെൻഡ്. സൽമാൻ ഖാനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രത്തിൽ അൽക്കാ യാഗ്‌നിക്കുമൊത്ത് ആലപിച്ച ' ദേഖാ ഹെ പെ‌ഹ്‌ലി ബാർ ' യുവാക്കളെ ഇളക്കി മറിച്ചു.

ആരാധകരെ 90 കാലഘട്ടത്തിന്റെ കാല്പനിതകയിലേക്ക് കൊണ്ടു പോകുന്ന റൊമാന്റിക് ശബ്ദത്തിനുടമയാണ് കുമാർ സാനു. സാജനിൽ കുമാർ സാനുവിനൊപ്പം എസ്.പി.ബിയുടെ അനശ്വര സ്വരവും ഒന്നിച്ചപ്പോൾ പിറന്നത് വേർപിരിയലിന്റെ വിരഹം വരികളിലൂടെ വരച്ച് കാണിച്ച ' ജിയേ തോ ജിയേ ' എന്ന ഗാനമാണ്.

തൊട്ടു പിന്നാലം, ഹം ആപ്കെ ഹെ കോനിൽ ' ദിക്തന', ' ദീദീ തേരാ ദെവർ ദീവനാ ' ' പെഹ്‌ല പെഹ്‌ല പ്യാർ ' തുടങ്ങി മറക്കാനാകാത്ത ഗാനങ്ങളുടെ നിര തന്നെ എസ്.പി.ബി സമ്മാനിച്ചു. സൽമാൻ ഖാനേയും മാധുരി ദീക്ഷിതിനെയും പ്രണയജോഡികളായി ചിരപ്രതിഷ്ഠ നേടിച്ച ഗാനങ്ങളായിരുന്നു ഇവ.

കാലം കടന്നുപോയി, സൽമാൻ ഖാന്റെ വളർച്ചയ്ക്കൊപ്പം മറ്റു ഗായകരും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ശബ്ദമായി മാറി. അതേ സമയം, സൽമാൻ ഖാന് ശബ്ദം നൽകുന്നതിന് മുമ്പ് തന്നെ ബോളിവുഡിൽ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചയാളാണ് എസ്.പി.ബി. 1977ൽ മീഠി മീഠി ബാതേയ്നിലൂടെയാണ് ( കമൽഹാസന്റെ 'മൻമദ ലീലൈ' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ) എസ്.പി.ബി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് കിഷോർ കുമാർ ജ്വലിച്ച് നിൽക്കുന്ന സമയമായിരുന്നു.

തുടർന്ന് കമൽഹാസൻ അഭിനയിച്ച ഏക് ദുജേ കേലിയേ, ധർമേന്ദ്രയുടെ മേം ഇൻത് കാം ലൂംഗാ തുടങ്ങിയവയിലും അദ്ദേഹം പാടി. ഏക് ദുജേ കേലിയേയിലെ കമൽഹാസനും രതി അഗ്നിഹോത്രിയും അഭിനയിച്ച ' തേരെ മേരെ ബീച്ച് മേം ' എന്ന ഗാനം ലതാ മങ്കേഷ്കറിനൊപ്പമാണ് എസ്.പി.ബി പാടിയത്. ലക്ഷ്മികാന്ത് - പ്യാരേലാൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ഈ ഗാനത്തിന് എസ്.പി.ബിയ്ക്ക് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ശ്രീദേവിയും ജിതേന്ദ്രയും ഒന്നിച്ച ഹിമ്മത്ത്‌വാലയിൽ ' ഇംതെഹാൻ ഇംതെഹാൻ ' എന്ന ഗാനം എസ്.പി ആലപിച്ചിരുന്നു. ബപ്പി ലാഹിരിയായിരുന്നു ഈ ഗാനത്തിന് സംഗീതം നൽകിയത്. റോജ, കാതലൻ തുടങ്ങിയവ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോഴും അവയിലം ഗാനങ്ങളിലൂടെ എസ്.പി.ബി ബോളിവുഡിൽ വേറിട്ട് നിന്നു.