spb-a

ചെന്നൈ: അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു.കൊവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിച്ച് ഇവിടെ പൊതുദർശനം നടത്തുകയാണ്. ശനിയാഴ്‌ച രാവിലെ സത്യം തീ‌യേ‌റ്ററിൽ പൊതുജനങ്ങൾക്കായി ദർശനം അനുവദിക്കും. ഇവിടെയും കൊവിഡ് ചട്ടമനുസരിച്ചാകും ദർശനം അനുവദിക്കുക. ഉച്ചയോടെ ചെന്നൈയ്‌ക്ക് സമീപം റെഡ് ഹിൽസിലുള‌ള ഫാംഹൗസിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈ എം.ജി.എം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. പിന്നീട് വെന്റിലേ‌റ്ററിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. ഒപ്പം രോഗം ഭേദമാകാൻ പ്ളാസ്‌മാ തെറാപ്പിയും നടത്തി. തുടർന്ന് സെപ്‌തംബർ 7ഓടെ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗ‌റ്റീവായി. തുടർന്ന് ഭാര്യയുമൊത്ത് വിവാഹ വാർഷികം ആശുപത്രിയിൽ ആഘോഷിച്ചു.

എന്നാൽ അപ്പോഴും വെന്റിലേ‌റ്ററിൽ തന്നെയായിരുന്ന എസ്.പി.ബിയുടെ നില ഇന്നലെ വഷളാകുകയും ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.