തിരുവനന്തപുരം: ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന കൈതമുക്ക് ​ ചമ്പക്കട ​ പേട്ട റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ നടപടികളുടെ ഭാഗമായുള്ള സർവേ നടപടികൾ 28ന് ആരംഭിക്കുമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. ട്രാഫിക് സ്റ്റഡി, സോയിൽ ടെസ്റ്റ്, ടോപ്പോഗ്രാഫിക് സർവേ എന്നിവ ഉൾപ്പെടെ നടത്തി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് 40,0000 രൂപ അനുവദിച്ചു. ഒന്നരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് 30 കോടി രൂപ അനുവദിക്കണമെന്ന് കഴിഞ്ഞ നാല് ബഡ്ജറ്റുകളിലായി ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 2020-​21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഇതിലേയ്ക്കായി ഒരു കോടി രൂപ മാത്രമാണ് വകയിരുത്തിയത്. സർവേ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറായാലുടൻ ആവശ്യമായ തുക അനുവദിക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ശിവകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.