
ഹേഗ്: കേന്ദ്ര സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ വൊഡാഫോൺ നൽകിയ നികുതി തർക്കകേസിൽ കമ്പനിക്ക് അനുകൂല വിധി. വൊഡാഫോണിന് 20,000 കോടിരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന സർക്കാർ വാദം തളളിയാണ് അന്താരാഷ്ട്ര കോടതി ടെലികോം കമ്പനിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.
വൊഡാഫോൺ കമ്പനിക്കുമേൽ നികുതിയും പലിശയും അതിനുളള പിഴയും ചുമത്തുന്ന സർക്കാർ നടപടി ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധിച്ചു. കുടുശ്ശിക ഈടാക്കരുതെന്നും നിയമ പോരാട്ടത്തിൽ കമ്പനിക്ക് ചിലവായ തുകയുടെ നഷ്ടപരിഹാരമായി 40 കോടി രൂപ കേന്ദ്ര സർക്കാർ നൽകണമെന്നും കോടതി വിധിച്ചു.
ഹച്ചിസണിൽ നിന്നും 2007ലാണ് വൊഡാഫോൺ ടെലികോം കമ്പനി ഏറ്റെടുക്കുന്നത്. ഇതോടെയാണ് നികുതി തർക്കത്തിന് തുടക്കമായത്. നികുതി പലിശ ഇനത്തിൽ 12 കോടി രൂപയും പിഴ ഇനത്തിൽ 7.9 കോടി രൂപയും സർക്കാർ വൊഡാഫോണിനോട് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി നിയമപ്രകാരം ടി.ഡി.എസിൽ നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വൊഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്.
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ 2014ലാണ് വൊഡാഫോൺ നിയമപോരാട്ടം ആരംഭിക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന തർക്കമാണ് അന്താരാഷ്ട്ര കോടതി തീർപ്പാക്കിയത്. എന്നാൽ ഇതിനോട് കേന്ദ്ര ധനമന്ത്രാലയമോ വൊഡാഫോണൊ പ്രതികരിച്ചിട്ടില്ല.