ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ ലണ്ടനിലെ 127 കോടി രൂപയുടെ ഫ്ളാറ്റ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ റാണാ കപൂറിന്റെ വസ്തുവകൾ ജപ്തി ചെയ്യുന്നതിന്റെ ഭാഗമായാണിത്.
2017ൽ റാണാ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് ക്രിയേഷൻസ് ജേഴ്സി ലിമിറ്റഡിന്റെ പേരിൽ 93 കോടി രൂപയ്ക്കാണ് ഈ ഫ്ളാറ്റ് വാങ്ങിയത്. ഈ വസ്തുവകകൾ വിവിധ വെബ്‌സൈറ്റുകളിൽ
വില്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു.
യെസ് ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മാർച്ചിൽ സി.ബി.ഐ രണ്ട് കേസുകളെടുത്തിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി ആകെ 97,000 കോടിയോളം വായ്‌പയെടുക്കുകയും ഇതിൽ 31,000 കോടിയും വകമാറ്റിയെന്നുമാണ് കേസ്. വ്യാജ കമ്പനികളുടെ വലിയ ശൃംഖലതന്നെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇ.ഡി കേസിൽ അന്വേഷണം ആരംഭിച്ചത്.