തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്ന് കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. കോൺഗ്രസ് എം.എൽ.എ നൽകിയ പരാതിയിൽ അന്വേഷണ ഏജൻസി കേസെടുത്ത നടപടി അസാധാരണമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സി.ബി.ഐ പ്രവർത്തിച്ചതെന്നും സി.പി.എം വീമർശിച്ചു.
ഇതിലൂടെ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കുന്നതായും വാർത്താക്കുറിപ്പിലൂടെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നു. കോൺഗ്രസ്, ബി.ജെ.പി ബാന്ധവം ഏതളവുവരെയും പോകാം എന്നതിന്റെ തെളിവാണിതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നു.
വിവാദങ്ങളിൽ ഏതന്വേഷണവും ആകാമെന്നാണ് സർക്കാർ നിലപാട് സ്വീകരിച്ചത്. അഖിലേന്ത്യാ തലത്തിൽ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ ഏജൻസിയുടെ സ്തുതിപാഠകരാണ്. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കലാപ കേസുകൾ എന്നിവ അന്വേഷണ ഏജൻസി ഏറ്റെടുക്കാത്തത് ബി.ജെ.പി, കോൺഗ്രസ് സഖ്യത്തിന്റെ തീരുമാന പ്രകാരമായിരുന്നുവെന്നും സി.പി.എം ആരോപിക്കുന്നു.
സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളിൽ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചും സി.ബി.ഐക്ക് അന്വേഷണം നടത്താം. ഇവിടെ 'ഫെറ' കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തിൽ നടത്തിയ ഇടപെടൽ യഥാർത്ഥത്തിൽ നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണ്. സി.പി.എം പറയുന്നു.
സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരും എൽ.ഡി.എഫും സ്വീകരിച്ചിട്ടുള്ളതെന്നും എന്നാൽ, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെ ആരോപിക്കുന്നു.