ബൊഗോറ്റ : കുപ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയ തലവനും അമേരിക്കൻ ഐക്യനാടുകളെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും അടക്കിവാണിരുന്ന ഡ്രഗ് ലോർഡുമായിരുന്ന പാബ്ലോ എസ്കോബാറിന്റെ പഴയ അപ്പാർട്ട്മെന്റിൽ നിന്നും ഞെട്ടിക്കുന്ന കണ്ടെത്തൽ. അപ്പാർട്ട്മെന്റിന്റെ ചുമരിനുള്ളിൽ നിന്നും ലക്ഷക്കണക്കിന് വിലമതിക്കുന്ന പണശേഖരമാണ് കണ്ടെത്തിയത്.
എസ്കോബാറിന്റെ അനന്തരവൻ നിക്കോളാസ് എസ്കോബാറാണ് 18 ദശലക്ഷം യു.എസ് ഡോളറിന്റെ പണശേഖരം നിറച്ച പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. കൊളംബിയയിലെ മെഡലിൻ പട്ടണത്തിൽ എസ്കോബാർ താമസിച്ചിരുന്ന ഒളിസങ്കേതങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്. ഇതിന് മുമ്പും എസ്കോബാർ ഒളിപ്പിച്ചു വച്ചിരുന്ന പണം താൻ കണ്ടെത്തിയിട്ടുള്ളതായി നിക്കോളാസ് പറയുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് മെഡലിൻ നഗരത്തിന്റെ പലഭാഗങ്ങളിലും എസ്കോബാർ ഇതുപോലെ പണം ഒളിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.
ഒരു കൊളംബിയൻ ടി.വി ചാനലിനോടാണ് അപ്പാർട്ട്മെന്റിൽ നിന്നും പണശേഖരം കണ്ടെത്തിയ കാര്യം നിക്കോളാസ് വെളിപ്പെടുത്തിയത്. പണത്തോടൊപ്പം തന്നെ ഒരു ടൈപ്പ് റൈറ്റർ, സാറ്റലൈറ്റ് ഫോണുകൾ, സ്വർണ പേന, ഒരു ക്യാമറ, ഡെവലപ്പ് ചെയ്തിട്ടില്ലാത്ത ഫിലിം റോൾ എന്നിവയും കണ്ടെത്തിയെന്ന് നിക്കോളാസ് പറഞ്ഞു. അപ്പാർട്ട്മെന്റിൽ ഇരിക്കുമ്പോൾ പലപ്പോഴും എസ്കോബാറിന്റെ സാന്നിദ്ധ്യം തന്റെ മനസിൽ തോന്നാറുണ്ടെന്ന് നിക്കോളാസ് പറയുന്നു.
ചുവരിൽ നിന്നും അസഹ്യമായ ഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അത് പൊളിച്ചുനോക്കാൻ നിക്കോളാസ് തീരുമാനിച്ചത്. ശവശരീരങ്ങളിൽ നിന്നുള്ളതിനേക്കാൾ നൂറിരട്ടി ദുർഗന്ധമായിരുന്നു അതെന്ന് നിക്കോളാസ് പറയുന്നു. കണ്ടെത്തിയ നോട്ടുകൾ പതിറ്റാണ്ടുകൾ പഴക്കമുള്ളവ ആയതിനാൽ പലതും അഴുകി ഉപയോഗിക്കാൻ കഴിയാത്ത തരത്തിലാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നിക്കോളാസ് പറയുന്നു.
70 കളിലും 80 കളിലും അമേരിക്കയിലെ ലഹരിക്കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് പാബ്ലോ എസ്കോബാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മെഡലിൻ കാർട്ടൽ ആയിരുന്നു. ഭൂമിയിലെ ഏറ്റവും സമ്പന്നനായ ഏഴാമത്തെ വ്യക്തിയെന്നായിരുന്നു ഒരു ഘട്ടത്തിൽ പാബ്ലോ എസ്കോബാറിനെ വിശേഷിപ്പിച്ചിരുന്നത്. കൊക്കെയ്ൻ കടത്തലിലൂടെ കോടീശ്വരനായ എസ്കോബാർ പാവപ്പെട്ടവർക്കായി ഒരുപാട് നല്ലകാര്യങ്ങളും ചെയ്‌തിരുന്നു. എന്നാൽ ഏകദേശം 4,000ത്തോളം പേരുടെ മരണത്തിന് എസ്കോബാർ കാരണക്കാരനായെന്നാണ് കരുതുന്നത്. കൊക്കെയ്ൻ രാജാവായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ എസ്കോബാർ കൊളംബിയയിൽ ഒരു വിഭാഗം ജനതയുടെ ആരാധനാപാത്രം കൂടിയായിരുന്നു. 1993ലാണ് എസ്കോബാർ കൊല്ലപ്പെട്ടത്.