സോൾ: ദക്ഷിണ കൊറിയൻ ഫിഷറീസ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സൈന്യം വെടിവച്ച് കൊന്ന് മൃതദേഹം കത്തിച്ച സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ.
'നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. നിരുപാധികം മാപ്പ് പറയുന്നു.' ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന് കിം അയച്ച കത്തിൽ കിം എഴുതി. സമുദ്രാതിർത്തിയിൽ എത്തിയയാൾ രക്ഷാസേന പല തവണ ആവശ്യപ്പെട്ടിട്ടും ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നതോടെയാണ് വെടിവച്ചതെന്ന് കത്തിൽ പറയുന്നു.
'സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നടന്നത് നിർഭാഗ്യകരമായിപ്പോയി. മൂൺ ജേ ഇന്നിനേയും ദക്ഷിണ കൊറിയൻ ജനതയേയും നിരാശരാക്കിയതിൽ ദുഃഖമുണ്ടെന്നും" കിം കത്തിൽ പറയുന്നു.
സംഭവത്തിന് ശേഷം ഉത്തര കൊറിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. എന്നാൽ, മൃതദേഹം കത്തിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉത്തര കൊറിയ പറയുന്നത്.