മോസ്കോ: കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.
റഷ്യ വികസിപ്പിച്ച സ്പുട്‌നിക് അഞ്ച് എന്ന വാക്‌സിൻ യൂ.എന്‍ ഓഫീസുകളിലെ മുഴുവൻ ജീവനക്കാര്‍ക്കും സൗജന്യമായി നൽകുമെന്ന് പുടിൻ പറഞ്ഞു. വാക്‌സിന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി റഷ്യ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് പ്രസിഡന്റ് പുടിന്‍ അറിയിച്ചു. യു.എന്‍ പൊതുസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"യു.എൻ രക്ഷാസമിതിയിലെ മുഴുവൻ ജീവനക്കാരെയും സഹായിക്കാൻ റഷ്യ തയ്യാറാണ്. ഇതിനായി കൊവിഡ് പ്രതിരോധ വാക്സിൻ ഏവർക്കും സൗജന്യമായി നൽകും." പുടിൻ പറഞ്ഞു. സ്പുട്‌നിക് അഞ്ച് എന്ന വാക്സിൻ കുത്തിവച്ച നിരവധി പേർ രോഗമുക്തരായി.തന്റെ മകൾക്കും വാക്സിൻ കുത്തിവച്ചതോടെ രോഗം മാറിയെന്ന് പുടിൻ കൂട്ടിച്ചേർത്തു. റഷ്യ നിര്‍മിച്ച വാക്സിൻ വിശ്വസനീയവും സുരക്ഷിതവുമാണെന്നും പുടിന്‍ വ്യക്തമാക്കി. പൊതു ആവശ്യകത മനസിലാക്കിയാണ് റഷ്യയുടെ തീരുമാനം, യു.എന്നിലെ ചില സഹപ്രവർത്തകർ ഇത് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അതേസമയം പുടിന് നന്ദി അറിയിക്കുന്നതായും റഷ്യയുടെ സഹായം ആരോഗ്യമേഖലയ്ക്ക് സഹായകരമാകുമെന്നും യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പൊതുസഭയിൽ പറഞ്ഞു. നിലവിലെ പഠനപ്രകാരം സ്പുട്‌നിക് അഞ്ച് സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ഘട്ട പരീക്ഷണം നടത്തിയ നാൽപ്പത് പേരിൽ മൂന്നാഴ്ചയ്ക്കകം രോഗം ഭേദമായതായി കണ്ടെത്തി.