ബീജിംഗ് : തങ്ങളുടെ കൊവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ പിന്തുണ ഉണ്ടായിരുന്നതായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ. ജൂലായ് മാസം മുതൽ ചൈനയിൽ പരീക്ഷണ ഘട്ടത്തിലിരുന്ന വാക്സിൻ ചൈനീസ് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം അടിയന്തിര ഉപയോഗത്തിനായി ആയിരക്കണക്കിന് പേർക്ക് നൽകിയിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
സുരക്ഷയും ഫലപ്രാപ്തിയും ട്രയലിലൂടെ വിലയിരുത്തുന്നതിന് മുമ്പാണ് ചൈന വാക്സിൻ നൽകിത്തുടങ്ങിയത്. അവസാന ഘട്ട ട്രയൽ പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കിയതിന് ശേഷമേ ജനങ്ങൾക്ക് നൽകാവൂ എന്ന് ലോകാരോഗ്യ സംഘടന അടക്കം നേരത്തെ പറഞ്ഞിരുന്നു. എന്നാലിപ്പോൾ അതേ ലോകാരോഗ്യ സംഘടന തന്നെ ചൈനീസ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് പിന്തുണ നൽകിയ വാർത്തയാണ് പുറത്ത് വരുന്നത്.
ജൂൺ മാസം അവസാനമാണ് ചൈനീസ് മന്ത്രിസഭയായ ദ സ്റ്റേറ്റ് കൗൺസിൽ കൊവിഡ് 19ന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷനിലെ ഉദ്യോഗസ്ഥനായ സെംഗ് സോംഗ്‌വെയ് പറഞ്ഞു. അംഗീകാരം ലഭിച്ചതിന് പിന്നാലെ ചൈനയിലെ ലോകാരോഗ്യ സംഘടനാ ഓഫീസിലെ പ്രതിനിധികളെ ബന്ധപ്പെട്ട് തങ്ങൾ കാര്യം അറിയിപ്പിക്കുകയും വാക്സിൻ ഉപയോഗത്തിന് ലോകാരോഗ്യ സംഘടന ധാരണയിലെത്തുകയും പിന്തുണയ്ക്കുകയും ചെയ്തെന്ന് സെംഗ് സോംഗ്‌വെയ് പറഞ്ഞു.
ഇന്ന് ലോകത്ത് കൊവിഡ് 19 വാക്സിൻ ഗവേഷണങ്ങളിൽ മുന്നിലാണ് ചൈന. 11 വാക്സിനുകളാണ് ചൈനയിൽ ട്രയൽ നടത്തുന്നത്. ഇതിൽ നാലെണ്ണത്തിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ സ്റ്റാഫുകൾ, സൈനികർ തുടങ്ങിയവർക്കാണ് ചൈനയിൽ വാക്സിന്റെ അടിയന്തിര അനുമതി നൽകിയിട്ടുള്ളതെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.
ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനൊഫാം വികസിച്ച വാക്സിനാണ് വ്യാപകമായി ഉപയോഗിച്ചത്. വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് വിധേയമായ ആരിലും പാർസ്വഫലങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായില്ലെന്നും അധികൃതർ പറയുന്നു. സിനോഫാം വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.