
കാട്ടാക്കട: തെക്കിന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന കോർ എപ്പിസ്‌കോപ്പ ഫാ.ഫിലിപ്പ് ഉഴനല്ലൂർ നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏറെക്കാലമായി കാട്ടാക്കട നെല്ലിക്കാടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കാട്ടാക്കട താലൂക്കിലെ പുന്നാവൂർ കേന്ദ്രമാക്കി 1974 സെപ്തംബർ 2 ന് നിർദ്ധനർക്കായി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിച്ചാണ് തിരുവനന്തപുരത്തിന്റെ തെക്കൻ പ്രദേശത്ത് ഫാ. ഫിലിപ്പ് ഉഴനല്ലൂർ ശ്രദ്ധിക്കപ്പെടുന്നത്. ബിഷപ് മാർ ഗ്രിഗോറിയോസിനൊപ്പം നെയ്യാറ്റിൻകര നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി 56 ദേവാലയങ്ങൾ അദ്ദേഹം പണികഴിപ്പച്ചു. 1936 ഏപ്രിൽ 16 ന് ചെങ്ങന്നൂർ എലഞ്ഞിമേൽ ഉഴനല്ലൂർ കുര്യൻ നയനാന്റെയും അന്നമ്മനയനാന്റെയും ഏഴ് മക്കളിൽആറാമനായി ജനിച്ച കോർഎപ്പിസ്‌കോപ്പയുടെ പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കര സി.എം.എസ് സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലുമായി പൂർത്തിയാക്കി. 1963 ഡിസംബർ 3 ന് വൈദിക പട്ടം സ്വീകരിച്ചു. 1967 ൽ ബാലരാമപുരത്ത് മിഷൻ പ്രവർത്തനം ആരംഭിച്ച ഫാ.ഫിലിപ് ചെമ്പരത്തിവിള കേന്ദ്രീകരിച്ചാണ് പിൽക്കാലത്ത് അജപാലന ദൗത്യം നിർവഹിച്ചത്. തുടർന്ന് പുന്നാവൂർ , പുത്തൻകാവുവിള എന്നീ ദേവാലയങ്ങളിലും ശൂശ്രൂഷ നിർവഹിച്ചു. ഇന്ന് വൈകിട്ട് രണ്ടുമണി മുതൽ നെല്ലിക്കാട് ഫാ.ഫിലിപ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതു ദർശനത്തിന് വെക്കുന്ന കോർ എപ്പിസ്‌കോപ്പയുടെ ഭൗതിക ശരീരം നാളെ വൈകിട്ട് 3 ന് നെല്ലിക്കാട് ചാപ്പലിൽ സംസ്‌കരിക്കും.മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ ക്ലിമിസ് കാതോലിക്കാബാവ പാറശാല ബിഷപ് തോമസ് മാർ യൗസേബിയോസ് തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.