eshna

മുംബയ്: 'സസുറാൽ ഗേന്ദാ ഫൂൽ..." ഡൽഹി 6 എന്ന ബോളിവുഡ് ചിത്രത്തിലെ ജനപ്രിയ ഗാനത്തിന് സാരിയുടുത്ത് ഹുലാ ഹുപ്സ് ചുവടുകളുമായി എത്തിയിരിക്കുകയാണ് എഷ്‌ന‌ക്കുട്ടി. ജിം വസ്ത്രങ്ങളിലും മറ്റും മാത്രം ചെയ്യാൻ സാധിക്കുന്ന ഹുല ഹോപ്‌സ് സാരിയുടുത്ത് കൊണ്ട് നിഷ്പ്രയാസം എഷ്‌ന ചെയ്യുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. 23കാരിയായ എഷ്‌ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഡാൻസ് വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

ഏറ്റവും ആകർഷണീയമായ ഒരു സാരി വീഡിയോ തയ്യാറാക്കുകയല്ല തന്റെ ലക്ഷ്യം മറിച്ച്, ഒട്ടും സമ്മർദ്ദമില്ലാതെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആത്മവിശ്വാസത്തോടെ ചുവടുകൾ വച്ച് സന്തോഷിക്കുക എന്നതാണ്. ഇന്ത്യൻ ഹൂപ്പർമാരെ മുഖ്യധാരയിൽ കൊണ്ടുവരാനും ഞാൻ ഈ വീഡിയോയിലൂടെ ആഗ്രഹിക്കുന്നു. " - എഷ്‌ന വീഡിയോയ്ക്ക് താഴെ കുറിച്ചു.

 ഹുല ഹൂപ്‌സ്

സർക്കസിലും മറ്റും വളയങ്ങൾ ശരീരത്തിലിട്ട് കറക്കി ബാലൻസ് ചെയ്യുന്നത് കണ്ടിട്ടില്ലേ? അതാണ് ഹുലാ ഹൂപ്സിന്റെ ആരംഭം. പിന്നീട് സർക്കസ് എന്ന കലാരൂപത്തിന് ജനപ്രീതി കുറഞ്ഞെങ്കിലും ഹുലാ ഹൂപ്‌സ് ഒരു നൃത്തരൂപമായും വ്യായാമമുറയായും മുന്നോട്ട് പോയി. ഏറെ മെയ്‌വഴക്കവും ബാലൻസും ആവശ്യമാണിതിന്. അതുകൊണ്ട് തന്നെ ശരീരത്തോട് ചേർന്നുകിടക്കുന്ന വസ്ത്രങ്ങൾ ധരിച്ചാണ്‌ സാധാരണ ഗതിയിൽ ഹുലാ ഹൂപ്‌സ് ചെയ്യുക.