bilkis

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മകനാണെന്നും മോദിയ്ക്ക് താൻ ജന്മം നൽകിയില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ അമ്മയാണ് താനെന്നും ഷഹീൻബാഗ് സമരനായിക, 82കാരി ബിൽക്കിസ് ബാനോ. മോദിയെ കാണാൻ ആഗ്രഹമുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ബിൽക്കിസ് ഇങ്ങനെ ഉത്തരം നൽകിയത്. അവസരം ലഭിച്ചാൽ അദ്ദേഹത്തെ കാണുന്നതിൽ സന്തോഷം മാത്രമേയുള്ളൂ എന്നും 'ദാദി ഒഫ് ഷഹീൻബാഗ്' എന്ന പേരിൽ അറിയപ്പെടുന്ന ബിൽക്കിസ് പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരായുള്ള ഡൽഹി ഷഹീൻബാഗിലെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് ബിൽക്കിസ് ലോകശ്രദ്ധ നേടിയതും 'ടൈം' മാസികയുടെ ഈ വർഷത്തെ 'ഏറ്റവും സ്വാധീനം ചെലുത്തിയ' വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയതും. മോദിയും മാസികയുടെ പട്ടികയിൽ ഉൾപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഷഹീൻബാഗ് സമരനായിക വ്യക്തമാക്കുന്നു. നടൻ ആയുഷ്മാൻ ഖുറാന, ബയോളജിസ്റ്റ് രവീന്ദ്ര ഗുപ്ത, ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചയ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യക്കാർ.

മോദി തന്റെ 'കുട്ടി'യാണെന്നാണ് ഈ അമ്മ പറയുന്നത്. 'അദ്ദേഹത്തെ കാണുന്നതിന് ഞാനെന്തിന് പോകാതിരിക്കണം? അതിലെന്താണ് ഭയപ്പെടാനായിട്ടുള്ളത്? മോദി എന്റെ മകനാണ്. ഞാൻ അദ്ദേഹത്തിന്റെ അമ്മയെ പോലെയാണ്. ഞാൻ അദ്ദേഹത്തെ പ്രസവിച്ചില്ല. എന്റെ സഹോദരിയാണ് അത് ചെയ്തത്. എന്നാലും എന്റെ കുട്ടിയാണ് അദ്ദേഹം.' നേരിടേണ്ടി വന്ന വിഷമതകളെ കുറിച്ച് മോദിയോട് പറയുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ബിൽക്കിസ് ഉത്തരം നൽകിയത് ഇങ്ങനെ.