deepika-padukone-

മുംബയ് : ബോളിവുഡ് നടി ദീപിക പദുക്കോണിന് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കാട്ടുന്ന കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. വാട്സ്ആപ്പിലെ ഒരു ഡ്രഗ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ദീപിക എന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഈ ഗ്രൂപ്പിലെ ഡ്രഗ് ചാറ്റുകൾ എൻ.സി.ബി പരിശോധിച്ചു വരികയായിരുന്നു. മയക്കു മരുന്ന് സംബന്ധമായ കാര്യങ്ങൾ ചർ‌ച്ച ചെയ്യുന്ന ഗ്രൂപ്പിൽ ദീപിക സജീവമായിരുന്നു എന്നാണ് റിപ്പോർട്ട്. സെലിബ്രിറ്റി മാനേജറായ ജയാ സാഹയാണ് ഗ്രൂപ്പിന്റെ ഉടമസ്ഥ. ദീപികയുടെ മാനേജർമാരിൽ ഒരാളായ കരിഷ്മ പ്രകാശും ഈ ഗ്രൂപ്പിൽ അംഗമാണ്. കരിഷ്മയെ ഇന്ന് ചോദ്യം ചെയ്തിരുന്നു. നാളെയാണ് ദീപികയോട് അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ആദ്യം നടിയും സുശാന്തിന്റെ കാമുകിയുമായ റിയാ ചക്രവർത്തിയാണ് കുടുങ്ങിയത്. പിന്നാലെ അന്വേഷണം ബോളിവുഡിലെ മുൻ നിര താരങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ദീപികയ്ക്ക് പുറമേ സാറാ അലിഖാൻ, ശ്രദ്ധാ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവർക്കും എൻ.സി.ബി ചോദ്യം ചെയ്യാനുള്ള സമൻസ് അയച്ചിരുന്നു. ഇതിൽ രാകുൽ പ്രീത് സിംഗിനെ ഇന്ന് ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.