മുംബയ്: ബോളിവുഡ് നടി കങ്കണ റാവത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ കേസിൽ മുംബയ് ഹെെക്കോടതി വാദം കേട്ടു. നിയമവിരുദ്ധമായാലും അല്ലെങ്കിലും മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 354 എ പ്രകാരം ബി.എം.സിക്ക് നടന്നുകൊണ്ടിരിക്കുന്ന അനധികൃത നിർമാണം മാത്രമേ പൊളിച്ചു നീക്കാനാകു. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുമ്പോൾ അത് നിർമാണ ഘട്ടത്തിലായിരുന്നോയെന്നും കോടതി ചോദിച്ചു.
നിയമവിരുദ്ധമായ ഒരു നിർമാണവും താൻ നടത്തിയിട്ടില്ലെന്നും, വരുത്തിയ മാറ്റങ്ങൾ ബി.എം.സിയുടെ നടപടിക്കുമുമ്പ് നിലവിലുണ്ടായിരുന്നുവെന്നും കങ്കണ കോടതിയിൽ വ്യക്തമാക്കി. ഇതിന് തെളിവായി കഴിഞ്ഞ ജനുവരിയിൽ നടന്ന ചില പൂജാ ചടങ്ങുകളുടെ ചിത്രങ്ങളും നടി കോടതിയിൽ സമർപ്പിച്ചു. അനധികൃത നിർമാണം നടന്നിരുന്നുവെന്നതിന് തെളിവുകൾ ഹാജരാക്കാൻ ബി.എം.സിയോട് കോടതി നിർദേശിച്ചു. കെട്ടിടത്തിന്റെ നിർമാണം സംബന്ധിച്ച കാര്യങ്ങളിൽ പരിശോധന നടത്തുമെന്നും കോടതി അറിയിച്ചു.
അനധികൃത നിർമാണം എന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബർ ആറിനാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച് നീക്കാൻ ആരംഭിച്ചത്. ഇതിന് പിന്നാലെ കങ്കണ കോടതിയിൽ ഹർജി നൽകുകയും കോർപ്പറേഷൻ നടപടി മരവിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേട്ടത്.