ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും. കൊവിഡ് സാഹചര്യം പരിഗണിച്ച് ജനറൽ അസംബ്ലിയുടെ ഈ എഴുപത്തിയഞ്ചാം സമ്മേളനത്തിൽ വിർച്വൽ മാർഗത്തിലൂടെയാകും പ്രധാനമന്ത്രി ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുക.
ന്യൂയോർക്കിലെ യു.എൻ.ജി.എ ഹാളിൽ പ്രദർശിപ്പിക്കുന്ന, മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ പ്രസ്താവന വഴിയാകും മോദി ലോകത്തോട് സംവദിക്കുന്നത്. നാളെ രാവിലെ 11 മണിയോടടുത്താകും മോദി യോഗത്തിലെ ആദ്യത്തെ പ്രാസംഗികനെന്ന നിലയിൽ ജനറൽ അസംബ്ലിയെ അഭിമുഖീകരിക്കുക.
കൊവിഡ് സാഹചര്യത്തിൽ ഇന്ത്യൻ താത്പര്യങ്ങൾ മുൻനിർത്തി, രാജ്യം മുൻഗണന നൽകുന്ന കാര്യങ്ങളെ കുറിച്ചാകും പ്രധാനമന്ത്രി സംസാരിക്കുക എന്നാണ് വിവരം. വിവിധ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് കൊവിഡ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുകയെന്നതാണ് എഴുപത്തിയഞ്ചാം യു.എൻ ജനറൽ അസംബ്ലി യോഗത്തിന്റെ പ്രധാന പ്രമേയം.