bala

ജീവിതം മുഴുവൻ സംഗീതത്തിനായി സമർപ്പിച്ചപ്പോൾ പലസന്തോഷങ്ങളും നഷ്ടമായതായി എസ്.പി..ബാലസുബ്രഹ്മണ്യം ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു. സംഗീതത്തിനായി തന്റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ നഷ്ടപ്പെടുത്തിയതിന്റെ ദുഃഖം എസ്.പി.ബി എന്നും മനസിൽ സൂക്ഷിച്ചിരുന്നു.2015ൽ തന്റെസംഗീത ജീവിതത്തിന്റെ50ാം വർഷത്തിലാണ് അദ്ദേഹം അക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

സംഗീതത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ അദ്ദേഹത്തിന് നഷ്ടമായത് മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളായിരുന്നു. 'എന്റെ കുട്ടികൾ വളരുന്നതു കാണാൻ കഴിഞ്ഞിരുന്നില്ല. എന്റെ 49 വർഷങ്ങളും ഞാൻ സംഗീതത്തിനാണ് നൽകിയത്. ശരാശരി ഒരു ദിവസം 11 മണിക്കൂറുകൾ ഞാൻ ജോലി ചെയ്തു. അതിനാൽ എന്റെ കുട്ടികളുടെ വളർച്ച കാണുന്നത് ഞാൻ നഷ്ടപ്പെടുത്തി.' 2015 ൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

മക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും തന്റെ സംഗീത ജീവിതം വിസ്മയിപ്പിക്കുന്നതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഇത്രകാലം എങ്ങനെ നിലനിന്നു എന്ന് അറിയില്ല. പരിശീലനം നേടിയ ഗായകൻ അല്ല ഞാൻ. ഈ പ്രായത്തിലും എനിക്ക് ജോലി ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ പാട്ടുപാടാനും സാധിക്കുന്നുണ്ട്. പാട്ട് റെക്കോർഡ് ചെയ്യുന്നതിനായി രാവിലെ അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ എങ്ങനെയായാലുംൻ നേരത്തെ എത്തും. അതിനായുള്ള തയാറെടുപ്പുകൾ നടത്തും. പാട്ടുപാടാനാവുമെന്ന് എനിക്ക് ഉറപ്പില്ലെങ്കിൽ ഒരിക്കലും ഞാൻ മൈക്രോഫോണിന് അടുത്തേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ക്ലാസിക്കൽ സംഗീതം പഠിക്കാതിരുന്നതും തന്റെ എൻജിനീയറിംഗ് ഡിഗ്രി പൂർത്തിയാക്കാതിരുന്നതും നഷ്ടങ്ങളായാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. നന്നായി പാട്ടുപാടാൻ കഴിയാതെ വന്നാൽ താൻ പാട്ടു പാടുന്നത് അവസാനിപ്പിക്കുമെന്നും എസ്പിബി വ്യക്തമാക്കിയിരുന്നു. 'ഒന്നും ചെയ്യാനാവാതെ വെറുതെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നല്ല. ശാരീരികവും മാനസികവുമായ ബലമില്ലാത്തതിനാൽ പാട്ടിൽ നീതി പുലർത്താൻ കഴിയാതിരുന്നാൽ തന്റെ സംഗീതയാത്ര അവസാനിപ്പിക്കും. ഇതുവരെ പാടാൻ കഴിഞ്ഞതിൽ തന്നെ സന്തോഷവാനാണ്. ഇനിയെന്തെങ്കിലും ജീവിതത്തിൽ നേടണമെന്ന് ആഗ്രഹമില്ല. ഞാൻ ഒരു നടനാണ്, ഡബ്ബിങ് ആർട്ടിസ്റ്റാണ്. ചോദിക്കാതെയാണ് എനിക്കെല്ലാം ലഭിച്ചത്. വെല്ലുവിളി നിറഞ്ഞ നിരവധി അവസരങ്ങൾ.' അദ്ദേഹം വ്യക്തമാക്കി.