ന്യൂഡൽഹി: ഈ വർഷത്തെ ജെ.സി.ബി പുരസ്കാരത്തിന്റെ അന്തിമ പരിഗണനാ പട്ടികയിലുള്ള അഞ്ച് പുസ്തങ്ങളിൽ ഇടം നേടി മലയാളി എഴുത്തുകാരൻ എസ്.ഹരീഷിന്റെ 'മീശ' എന്ന നോവലും. പുസ്തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷയാണ് പുരസ്‌കാരത്തിനായി പരിഗണന നേടിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാര തുകയുള്ള സാഹിത്യ പുരസ്കാരമാണ് ജെ.സി.ബി പ്രൈസ്. 25 ലക്ഷമാണ് പുരസ്കാരത്തുക.
പുരസ്‌കാരം നേടുന്ന പുസ്തകം പരിഭാഷയാണെങ്കില്‍ പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഹരീഷിന്റെ പുസ്തകത്തെ കൂടാതെ, ദീപ ആനപ്പാറയുടെ 'ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍', സമിത് ബസുവിന്റെ 'ചോസണ്‍ സ്പിരിറ്റ്', ദാരിണി ഭാസ്‌കറിന്റെ 'ദീസ് അവര്‍ ബോഡീസ് പൊസ്സസ്ഡ് ബൈ ലൈറ്റ്', ആനി സെയ്ദിയുടെ 'പ്രെല്യൂഡ് ടു എ റയട്ട്' എന്നീ പുസ്തങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്.
നവംബര്‍ ഏഴാം തീയതിയാണ് പുരസ്കാരം പ്രഖ്യാപിക്കുക. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച എഴുത്തുകാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സമ്മാനമായി ലഭിക്കും. 2018ലെ ആദ്യത്തെ ജെ.സി.ബി പുരസ്‌കാരം ലഭിച്ചത് മലയാളി എഴുത്തുകാരനായ ബെന്യാമിന്റെ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍' എന്ന നോവലിനായിരുന്നു.