വാഷിംഗ്ടൺ: ചൈന ഉടൻ തങ്ങളുടെ ബഹിരാകാശ നിലയം ആരംഭിക്കുമെന്ന് വെളിപ്പെടുത്തി നാസ മേധാവി ജീം ബ്രിഡൻസ്റ്റൈൻ. യു.എസ് നിയമനിർമാതാക്കളുമായി അടുത്തിടെ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടിയാങ് ഗോംഗ് (ഹെവൻലി പാലസ്) എന്ന് പേരിട്ടിരിക്കുന്ന ചെെനയുടെ ബഹിരാകാശ നിലയം 2022 ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് കരുതപ്പെടുന്നത്.
"ചെെന തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിവേഗം നിർമിക്കുകയാണ്. യു.എസ് ബഹിരാകാശ പങ്കാളികൾക്കെല്ലാം ചെെന തങ്ങളുടെ ബഹിരാകാശ നിലയം അതിവേഗം വിപണനം ചെയ്യും" ബ്രിഡെൻസ്റ്റൈൻ പറഞ്ഞു. ഒന്നിലധികം രാജ്യങ്ങളുമായുളള പങ്കാളിത്തത്തിലാണ് ചൈന ടിയാങ് ഗോങ്ങ് ബഹിരാകാശ നിലയ പരീക്ഷണങ്ങൾ നടത്തിയത്.അവയിൽ പലതും ഇതിനകം തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യുഎസിന്റെ പങ്കാളികളാണ്. ഫ്രാൻസ്, ജർമ്മനി, ജപ്പാൻ,, കെനിയ, പെറു തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും.
നിലവിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 വരെ പ്രവർത്തിക്കുമെന്നാണ് നാസാ അധികൃതർ പ്രതീക്ഷിക്കുന്നത്. അതിന് ശേഷം യു.എസിന്റെ ഭ്രമണപഥത്തിൽ സാന്നിധ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബ്രിഡൻസ്റ്റൈൻ പറഞ്ഞു. മനുഷ്യന്റെ ഏറ്റവും മികച്ച ശാസ്ത്രനേട്ടങ്ങളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.1998ൽ ആരംഭിച്ച ബഹിരാകാശ നിലയത്തിന്റെ സഹായത്തോടെ നിരവധി ശാസ്ത്ര പരീക്ഷണങ്ങളാണ് മനുഷ്യൻ നടത്തിയിട്ടുളളത്.