pic

ദുബായ്‌: ലോക്ക്ഡൗണ്‍ കാലത്ത് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കോഹ്ലി പരിശീലനം നടത്തിയത് എന്ന ഗാവസ്‌കറിന്റെ പരാമര്‍ശത്തിന് പ്രതികരണവുമായി അനുഷ്‌ക ശര്‍മ്മ. ‘മിസ്റ്റർ ഗവാസ്കർ’ എന്ന് അഭിസംബോധന ചെയ്താണ് അനുഷ്ക തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

"കഴിഞ്ഞ രാത്രി എന്റെ ഭര്‍ത്താവിന്റെ കളിയെ കുറിച്ച് പറയാന്‍ നിങ്ങളുടെ മനസില്‍ ഒരുപാട് വാക്കുകള്‍ നിറഞ്ഞിട്ടുണ്ടാവും. അതല്ല എന്റെ പേര് ഉപയോഗിച്ചാല്‍ മാത്രമാണോ നിങ്ങളുടെ വാക്കുകള്‍ പ്രസക്തിയുള്ളതാവുക? ഇത് 2020 ആണ്. എന്നിട്ടും എന്നെ സംബന്ധിച്ച് കാര്യങ്ങള്‍ മാറുന്നില്ല. ക്രിക്കറ്റിലേക്ക് എന്നെ വലിച്ചിഴക്കുന്നതിനും, അനാവശ്യ പരാമര്‍ശങ്ങള്‍ക്ക് ഇരയാക്കുന്നതിനും എന്നാണ് അവസാനമാവുക?" അനുഷ്‌ക തന്റെ ഇൻസ്റ്റഗ്രാമിൽ ചോദിച്ചു. .

ഭര്‍ത്താവിന്റെ കളിയുടെ പേരില്‍ ഭാര്യയെ കുറ്റാരോപിതയാക്കിയതിന്റെ കാരണം നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കമന്ററി ജീവിതത്തില്‍ എല്ലാ ക്രിക്കറ്റ് കളിക്കാരുടേയും സ്വകാര്യതയ്ക്ക് നിങ്ങള്‍ വില കല്‍പ്പിച്ചു. എന്നാല്‍ ആ ബഹുമാനം എന്നോടും ഞങ്ങളോടും ഇല്ലേ? അനുഷ്‌ക ചോദിച്ചു. നിരവധി പേരാണ് ഗാവസ്‌കറിനെ വിമർശിച്ചും പിന്തുണ അറിയിച്ചും സോഷ്യൽ മീഡിയയിൽ കമന്റുമായി എത്തിയത്.

ഇതിന് പിന്നാലെ വിവാദ വിഷയത്തിൽ പ്രതികരണവുമായി ഗവാസ്‌കർ രംഗത്തെത്തി. ക്രിക്കറ്റ് കമന്ററിക്കിടെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചതെന്ന്. കോലി സെഞ്ചുറി നേടുമ്പോൾ ആരും അതിന്റെ ക്രെഡിറ്റ് അനുഷ്കയ്ക്ക് നൽകാറില്ലെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോള്‍ ആദ്യം പ്രതികരിക്കുന്നയാളാണ് ഞാൻ. വിദേശ പര്യടനങ്ങളിൽ കളിക്കാർക്കൊപ്പം പങ്കാളികളെ അനുവദിക്കണമെന്ന നിലപാടാണ് എക്കാലവും തന്റേതെന്നും ഗവാസ്കർ പറഞ്ഞു.


ഞാനും ആകാശും ഹിന്ദി ചാനലിനുവേണ്ടിയാണ് കമന്ററി പറഞ്ഞിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവർക്കും പരിശീലനത്തിനുള്ള സൗകര്യങ്ങൾ തീർത്തും പരിമിതമായിരിക്കും.ആദ്യ മത്സരങ്ങളിൽ മിക്ക താരങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങളും കണ്ടിരുന്നു. ആദ്യ മത്സരത്തിൽ രോഹിത്തിന് പന്ത് ഉദ്ദേശിച്ച രീതിയിൽ അടിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ധോണിക്കും വിരാടിനും ഇതേ പ്രശ്നമുണ്ടായിരുന്നു. പരിശീലനത്തിന്റെ കുറവ് എല്ലാവരെയും പിടികൂടിയിട്ടുണ്ടെന്നും ഗവാസ്ക്കർ കൂട്ടിച്ചേർത്തു.

ലോക്ഡൗണിൽ കോഹ്ലിക്ക് പരിശീലനത്തിന് അവസരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ആകെക്കൂടി കോലി ബാറ്റെടുത്തുകണ്ടത് താമസസ്ഥലത്ത് അനുഷ്ക ശർമ ബോൾ ചെയ്യുന്ന ആ വിഡിയോയിലാണ്. അതാണ് ഞാൻ അവിടെ പരാമർശിച്ചത്. അതിന് ബോളിംഗ് എന്നു തന്നെയല്ലേ പറയുന്നത്. ഞാൻ മറ്റെന്തെങ്കിലും വാക്ക് ഉപയോഗിച്ചോ? അനുഷ്ക കോലിക്കെതിരെ ബോൾ ചെയ്യുന്നതാണ് ആ വിഡിയോയിലുള്ളത്. അതിൽ എവിടെയാണ് ഞാൻ അവരെ കുറ്റപ്പെടുത്തുന്നത്? അതിലെവിടെയാണ് സ്ത്രീ വിരുദ്ധത? ഗവാസ്കർ ചോദിച്ചു.