കാസർകോട്: മുസ്ലീം ലീഗ് എം.എൽ.എ എം.സി കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡിന്റെ ആസ്തിയും ബാദ്ധ്യതയും സംബന്ധിച്ച പാർട്ടി കണക്കെടുപ്പ് വൈകുമെന്ന് സൂചന. ഫാഷൻ ഗോൾഡിന്റെ ആസ്തിയും ബാദ്ധ്യതയും സംബന്ധിച്ച കണക്കുകൾ ഈമാസം മുപ്പതിനകം ലീഗ് നേതൃത്വത്തിന് കൈമാറാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. പ്രശ്‌ന പരിഹാരത്തിന് ലീഗ് നേതൃത്വം നിയോഗിച്ച മദ്ധ്യസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. അതിനിടെ, നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം കമ്പനി സെക്രട്ടറിയെ ചോദ്യം ചെയ്തു.
നിക്ഷേപകരുടെ കൂട്ടായ്‌മയായ ഫാഷൻ ഗോൾഡ് ആക്ഷൻ കമ്മിറ്റി ബാദ്ധ്യതയുടെ കണക്കുകൾ മുസ്ലീം ലീഗ് കാസർകോട് ജില്ലാ ട്രഷററായ മാഹിൻ ഹാജിക്ക് നൽകിയിരുന്നു. എന്നാൽ ആസ്‌തികൾ സംബന്ധിച്ച് കൂടിക്കാഴ്ചകളും കണക്കെടുപ്പും നടക്കുന്നതിനിടെയാണ് ലീഗ് ട്രഷറർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലീഗ് നേതൃത്വത്തോട് മദ്ധ്യസ്ഥൻ തന്നെ സാവകാശം തേടുമെന്നാണ് സൂചന. കണ്ണൂർ സ്വദേശിയായ കമ്പനി പ്രാക്‌ടീഷനർ സെക്രട്ടറിയെയാണ് അന്വേഷണം സംഘം ഇന്നലെ ചോദ്യം ചെയ്തത്.
കൂടുതൽ ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും. തുടർന്നാകും രാജിവച്ചുപോയ ഡയറക്‌ടർമാർ ഉൾപ്പടെയുളളവരിലേക്കും മഞ്ചേശ്വരം എം.എൽ.എ. കമറുദ്ദീനിലേക്കും പൂക്കോയ തങ്ങളിലേക്കും അന്വേഷണ സംഘം എത്തുക. കേസിൽ പരാതികൾ വ്യാപകമാകുന്നതിന് പിന്നാലെയാണ് അന്വേഷണം സംഘം വിപുലീകരിച്ചുകൊണ്ട് ഡി.ജി.പി. ഉത്തരവിറക്കിയത്. മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥർകൂടി ഉൾപ്പെടുന്നതാണ് പുതിയ അന്വേഷണസംഘം. അതിനിടെ നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ട് കേസുകൾ കൂടി ചന്തേര പൊലീസ് ഇന്നലെ രജിസ്‌റ്റർ ചെയ്‌തു.