india-covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് ശമനമില്ലാതെ തുടരുന്നു. നിലവിൽ 60 ലക്ഷത്തിലേക്ക് അടുക്കുകയാണ് രാജ്യത്തെ കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 59,03,932 ആയി. ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർക്ക് ഇതു വരെ രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്തെ നിലവിലെ മരണ നിരക്ക് 1.58 ശതമാനമാണ് . 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യം. ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തിൽ താഴെയാണ്. ആഴ്ചകൾക്ക് ശേഷം മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധ ഇരുപതിനായിരത്തിൽ താഴെ എത്തി. 17,794 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്നലെ കൊവിഡ് ബാധിച്ചത്.

കർണാടകയിൽ 8655 പേർക്കും, ആന്ധ്രയിൽ 7073 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 6477 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 5674 പേരും ഉത്തർപ്രദേശിൽ 4519 പേരുമാണ് രോഗബാധിതരായത്. തുടർച്ചയായ രണ്ടാം ദിവസവും കേരളമാണ് പ്രതിദിനരോഗബാധയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് എന്നതാണ് സംസ്ഥാനത്ത് ആശങ്കയുയർത്തുന്നത്.

രോഗികളുടെ പ്രതിദിന വർദ്ധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. ഛത്തീസ്ഗഢും അരുണാചൽപ്രദേശുമാണ് കേരളത്തിനടുത്തുളളത്. ഇരുസംസ്ഥാനങ്ങളിലും ഇത് മൂന്നുശതമാനമാണ്. പ്രതിദിനകണക്കിൽ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കർണാടകവുമാണ് കേരളത്തിന് മുന്നിലുളളത്.

ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്. കേരളത്തിൽ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കുകയെന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അരലക്ഷത്തിനുമുകളിലായിരുന്നു പരിശോധന.