ന്യൂയോർക്ക്: അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ജോൺസൺ ആന്റ് ജോൺസന്റെ കൊവിഡ് പരീക്ഷണ വാക്സിന് ഒന്നും രണ്ടും പരീക്ഷണത്തിൽ മികച്ച പ്രതികരണം ലഭിച്ചതായി റിപ്പോർട്ട്. എഡി 26.കോവ്2.എസ് എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വാക്സിൻ ഈ രണ്ട് ഘട്ടത്തിലും നല്ല ഫലമാണ് തന്നതെന്ന് പരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അമേരിക്ക ആദ്യം അനുമതി നൽകിയ മോഡേണയുടെയും ഫിസെറിന്റെയും വാക്സിനുകൾ രണ്ട് ഡോസ് വാക്സിനുകളാണ്.എന്നാൽ ജോൺസൺ ആന്റ് ജോൺസന്റേത് ഒറ്റ ഡോസ് വാക്സിനാണെന്നത് അന്തിമഫലത്തിന് ശേഷം ഇതിന്റെ വിപണിയിലെ വിതരണം എളുപ്പമാക്കുന്നു.
എന്നാൽ വാക്സിൻ, ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധിച്ച മുതിർന്ന പൗരന്മാരിൽ സുരക്ഷിതമാണോ എന്ന് റിപ്പോർട്ടിലില്ല. അമേരിക്കൻ സർക്കാർ നൽകിയ അനുമതി പ്രകാരം ആദ്യ രണ്ട് ഘട്ടങ്ങളിൽ 1000 പ്രായപൂർത്തിയായവരിലാണ് പരീക്ഷണം നടത്തിയത്. മനുഷ്യരിൽ ഫലം ലഭിക്കുന്നതിന് മുൻപ് ജൂലായിൽ കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിൽ ശക്തിയായ പ്രതിരോധ ശേഷി വാക്സിൻ നൽകുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു.
മെഡ്ആർഎക്സിവ് എന്ന മെഡിക്കൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിലവിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈയാഴ്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം 60,000 പേരിൽ ആരംഭിച്ചത്. ഇതിന്റെ ഫലം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അറിയാനാകും.
വാക്സിൻ പരീക്ഷിച്ച 98 ശതമാനം പേരിലും 29 ദിവസത്തിനകം ശക്തമായ ആന്റിബോഡികൾ ഉണ്ടാകുന്നതായി ജോൺസൺ ആന്റ് ജോൺസൺ അധികൃതർ പറയുന്നു. എന്നാൽ ഇതിൽ 65 വയസിന് മുകളിലുളളവർ വളരെ കുറവാണ് 15 പേർ മാത്രം. ഇവരിൽ തളർച്ചയും പേശി വേദനയും 36 ശതമാനം മാത്രമാണുണ്ടായത് എന്നത് ആശ്വാസമാണ്. യുവാക്കളിൽ ഇത് 64% ആണ്. വലിയ തോതിലുളള പരീക്ഷണത്തിൽ വാക്സിന്റെ ഫലം കാത്തിരിക്കുകയാണ് ഗവേഷകലോകം.