മുംബയ്: കൊവിഡ് വ്യാപനം തടയാൻ ചൈനീസ് അതിർത്തി അടച്ചതോടെ ഇറക്കുതി ചെയ്യാനാകാത്ത ചൈനീസ് ഉത്പനങ്ങൾ ഇന്ത്യയിലേക്ക് കൂട്ടമായി എത്താൻ തുടങ്ങി. 20,000 കോടി രൂപയുടെ ചൈനീസ് ഉത്‌പനങ്ങളാണ് ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കിടക്കുന്നത്. കഴിഞ്ഞവർഷം നവംബർ മുതൽ ഡിസംബർ വരെ ഓർഡർ നൽകിയ ഉത്പന്നങ്ങളാണ് ഇപ്പോൾ തുറമുഖങ്ങളിലെത്തി കാത്തുകിടക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ പറഞ്ഞു.
ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്‌റ്റുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിവയാണ് ഇതിലധികവും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ചൈനീസ് അതിർത്തി അടച്ചിരുന്നു. അതിനുശേഷം മാർച്ചോടെ ഇന്ത്യയിൽ ലോക്ക്ഡൗൺ തുടങ്ങി. ഇതോടെ ഉത്‌പനങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ വന്നു.
വരുന്ന രണ്ടു മൂന്നു മാസങ്ങളിൽ ഉത്പന്നങ്ങളുടെ വരവ് കൂടുതലായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, മാർച്ചിന് ശേഷം വ്യാപാരികൾ പുതിയ ഓർഡർ നൽകുന്നത് കുറച്ചതായും വിവരമുണ്ട്. ഏപ്രിൽ - ഓഗസ്റ്റ് കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2,158 കോടി ഡോളറിന്റേതാണെന്നാണ് (15,900 കോടി രൂപ) ഔദ്യോഗിക കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 27.63 ശതമാനം കുറവാണിത്.
2017 - 18 ൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 16.4 ശതമാനമായിരുന്നു ചൈനയുടെ വിഹിതം. 2018 - 19 കാലത്ത് ഇത് 13.69 ശതമാനമായി കുറഞ്ഞിരുന്നു. ചൈനയിൽ നിന്ന് വിലകുറഞ്ഞ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഗിഫ്റ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. പകരം വിയറ്റ്നാം, തായ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കരാറുണ്ടാക്കാൻ ചർച്ചകൾ നടന്നു
വരികയാണ്. ഇതോടെ ആത്‌മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യയിൽ ഇത്തരം വസ്‌തുക്കളുടെ ഉപയോഗം കൂട്ടാനും കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ട്.