india-israel

ന്യൂഡൽഹി: ഇസ്രയേലുമായി നിലവിൽ ശക്തമായി തുടരുന്ന ആയുധ കരാറുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങി ഇന്ത്യ. ഹൈ ടെക് ആയുധ സംവിധാനങ്ങൾ വികസിപ്പിക്കുവാനും നിർമ്മിക്കുവാനുമുള‌ള സഹകരണമാണ് ഇന്ത്യ- ഇസ്രയേൽ പുത്തൻ കരാറിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങളും ഒരുമിച്ച് പുതിയ തരം ആയുധങ്ങൾ നിർ‌മ്മിക്കാനും അവ ആവശ്യമായ സൗഹൃദരാജ്യങ്ങളിൽ വിതരണം ചെയ്യാനുമാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ഇന്ത്യ-ഇസ്രയേൽ പ്രതിരോധ സെക്രട്ടറിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.

സാങ്കേതിക വിദ്യാ കൈമാ‌റ്റം, ആയുധ നി‌ർമ്മാണ വികസന സഹകരണം, സാങ്കേതികവിദ്യാ സുരക്ഷ, നിർമ്മിത ബുദ്ധി, മൂന്നാം ലോക രാജ്യങ്ങൾക്ക് ഈ സാങ്കേതിക വിദ്യകൾ നൽകുക എന്നിവയിലെ സഹകരണത്തിനാണ് തീരുമാനമായിരിക്കുന്നത്. നിലവിൽ ഇന്ത്യയ്‌ക്ക് ആയുധ കരാറുള‌ളതിൽ പ്രധാനപ്പെട്ട നാല് രാജ്യങ്ങളിലൊന്ന് ഇസ്രയേലാണ്. റഷ്യ, അമേരിക്ക, ഫ്രാൻസ് എന്നിവയാണ് മ‌റ്റ് രാജ്യങ്ങൾ. പ്രതിവർഷം ഒരു ലക്ഷം കോടി ഡോളറിന്റെ ആയുധവ്യാപാരമാണ് ഇസ്രയേലുമായി ഇന്ത്യ നടത്താറ്.

മിസൈൽ, സൈബർ സുരക്ഷ,സെൻസറുകൾ,മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ അതികായരാണ് ഇസ്രയേൽ. നിലവിൽ ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തത്തോടെ ബാരാക് 8 മിസൈൽ സംവിധാനം വികസിപ്പിക്കുന്ന സമയത്താണ് ഈ കരാർ എന്നത് ശ്രദ്ധേയമാണ്. കരയിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്നതരം മിസാലാണിത്. ഇസ്രയേലി കമ്പനികളായ ഐഎഐ, റാഫേൽ അഡ്വാൻസ്ഡ് പ്രതിരോധ സിസ്‌റ്റംസ്,എൽബി‌റ്റ് ആന്റ് എൽറ്റാ സിസ്‌റ്റംസ് എന്നിവയ്‌ക്ക് ഇന്ത്യൻ കമ്പനികളുമായി സംയുക്ത ആയുധ കരാറുണ്ട്.

മുൻപ് കാർഗിൽ യുദ്ധ സമയത്ത് അടിയന്തിര ആയുധ സഹായവുമായി എത്തിയ ഇസ്രായേലുമായുള‌ള ബന്ധം ദൃഢമായി പുറത്ത് വന്നത് 2014ൽ മോദി സർക്കാർ അധികാരത്തിലേറിയ ശേഷമാണ്. ഫാൽകൺ അവാക്‌സ് ( എയർബോൺ വാണിംഗ് ആന്റ് കൺട്രോൾ സിസ്‌റ്രംസ്) ഹെറോൺ, സെർച്ചർ 2, ഹാരോപ് ഡ്രോണുകൾ, ബാരാക് ആന്റി മിസൈൽ പ്രതിരോധ സംവിധാനം, സ്‌പൈഡർ ക്വിക്ക് റിയാക്ഷൻ ആന്റി എയർക്രാഫ്‌റ്റ് മിസൈൽ സംവിധാനം. ഒന്നര ബില്യൺ ഡോളറിന്റെ ഫാൽക്കൺ അവാക്‌സ് പ്രതിരോധ സംവിധത്തിന്റെയും ഹെറോൺ ഡ്രോണുകളും ലേസർ ബോംബുകളുമുള‌ള പ്രൊജക്‌ട് ചീറ്റ ഇങ്ങനെ നിരവധി പ്രതിരോധ ഇടപാടുകളാണ് ഇന്ത്യ നിലവിൽ ഇസ്രായേലുമായി നടത്തുന്നത്.