ചെന്നൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈയ്‌ക്ക് സമീപം റെഡ് ഹിൽസിലുളള ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ. അദ്ദേഹത്തിന്റെ മകൻ എസ്.പി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. കൊവിഡ് ഭീതിയ്‌ക്കിടയിലും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ സിനിമാമേഖലയിൽ നിന്നുള്ള സഹപ്രവർത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹിൽസിൽ എത്തിയത്. ഇന്നലെ കോടമ്പാക്കത്തെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
എസ് പി ബിയുടെ മരണവാർത്ത ഉൾക്കൊളളനാകാതെ സ്ത്രീകളടക്കമുളളവർ ഫാം ഹൗസിന് പുറത്തും തടിച്ച് കൂടി. എസ്.പി.ബി തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുളള പ്രതീക്ഷകൾ ഉണർത്തിയ രണ്ടാഴ്ചകൾക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതൽ വഷളായെന്നും പരമാവധി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. സ്ഥിതി വീണ്ടും വഷളായതോടെ ഇന്നലെ രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മഹാഗായകൻ വിട പറഞ്ഞത്.